ഭോപ്പാൽ: നൂപുർ ശർമ്മയെ അനുകൂലിച്ചതിന്റെ പേരിൽ ബജ്രംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവത്തിൽ 13 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതിൽ എട്ട് പേർ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള അഞ്ച് പേരെ ഇന്ന് വൈകീട്ടോടെയോ നാളെ രാവിലെയോടെയോ അറസ്റ്റ് ചെയ്യും. മദ്ധ്യപ്രദേശ് സമാധാനത്തിന്റെ ദേശമാണ്. ഇത് തകർക്കാൻ ആരെയും അനുവദിക്കില്ല. പ്രതികൾക്ക് മേൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 307ാം വകുപ്പ് പ്രകാരം കേസ് എടുക്കും. പ്രതികൾ ഭൂമി കയ്യേറി നിർമ്മിച്ച വീടും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നുപൂർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ബജ്രംഗ്ദൾ പ്രവർത്തകൻ ആയുഷ് ജാദാമിന് മർദ്ദനമേറ്റത്. രാത്രി ബൈക്കിൽ പോകുകയായിരുന്ന അദ്ദേഹത്തെ അക്രമി സംഘം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് പ്രദേശവാസികൾ ഓടി കൂടിയതോടെ അക്രമികൾ ആയുഷിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
















Comments