68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മലയാളികളുടെ ഹൃദയം പിടിച്ചുലച്ച പ്രഖ്യാപനമാണ് ‘മികച്ച സംവിധായകൻ’ എന്ന വിഭാഗത്തിൽ നടന്നത്. മികച്ച സംവിധായകനായി മലയാളികളെ വിട്ട് പിരിഞ്ഞ പ്രിയപ്പെട്ട സംവിധായകൻ സച്ചി തിരഞ്ഞെടുക്കപ്പെട്ടു. 2020 ൽ ബിജുമോനോനെയും പൃഥ്വി രാജിനെയും നായകന്മാരാക്കി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനായി സച്ചി തിരഞ്ഞെടുക്കപ്പെട്ടത്.
മലയാള സിനിമയിൽ ഹിറ്റുകളുടെ ശിൽപ്പിയായിരുന്നു സച്ചി. എന്നാൽ തന്റെ സങ്കൽപ്പത്തിലുണ്ടായിരുന്ന സിനിമകൾ ബാക്കി വെച്ചുകൊണ്ടാണ് മലയാള സിനിമയോട് അദ്ദേഹം വിട പറഞ്ഞത്. 2020ൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടുവെങ്കിലും ആ വർഷത്തെ തന്നെ ഏറ്റവും വലിയ ഹിറ്റ് കൂടി തന്നിട്ടാണ് സച്ചി മടങ്ങിയത്. അയ്യപ്പനും കോശിയും എന്ന ചിത്രം ഏറ്റെടുത്തത് മലയാളികൾ മാത്രമല്ല, രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് സിനിമയ്‌ക്ക് പ്രശംസകൾ ലഭിച്ചിരുന്നു. ഇപ്പോൾ രാജ്യവും ആ അതുല്യ കലാകാരനെ ആദരിച്ചിരിക്കുകയാണ്. അയ്യപ്പനും കോശിയിലൂടെ സച്ചി രാജ്യം മുഴുവൻ അറിയപ്പെടും.
പതിമൂന്ന് വര്‍ഷത്തെ സിനിമാജീവിതത്തില്‍ നേടിയതിനേക്കാള്‍ പ്രശംസകളും സ്നേഹവും പ്രേക്ഷകരിൽ നിന്ന് അയ്യപ്പനും കോശിയും എന്ന ഒറ്റ ചിത്രം കൊണ്ട് സച്ചിയ്‌ക്ക് നേടാൻ കഴിഞ്ഞു. വാണിജ്യസിനിമകളും കലാമൂല്യമുള്ള സിനിമകളും ഒരുപോലെ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. മികച്ച സംവിധായകൻ (സച്ചി), സഹനടൻ (ബിജു മേനോൻ), ഗായിക (നഞ്ചിയമ്മ), സംഘട്ടനം (രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ) എന്നീ നാലു വിഭാഗങ്ങളിലാണ് അയ്യപ്പനും കോശിയും എന്ന ചിത്രം പുരസ്കാര പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സച്ചി കണ്ടെത്തി സിനിമ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ നഞ്ചിയമ്മയടക്കം പുരസ്കാര നിറവിൽ നിൽക്കുമ്പോൾ ഇതൊന്നും കാണാൻ ആ അതുല്യ കലാകാരൻ ഇല്ല എന്നത് മലയാളികളെ വേദനപ്പിക്കുന്നു. ഒരു നോവോർമ്മയായി സച്ചി മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്നു.
















Comments