കണ്ണൂർ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് സമൻസ്. തലശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് സമൻസ് നൽകിയത്. നിർമ്മാതാവ് ലിബർട്ടി ബഷീർ നൽകിയ മാനനഷ്ടകേസിലാണ് കോടതിയുടെ നടപടി.
നടിയെ ആക്രമിച്ച കേസ് ലിബർട്ടി ബഷീറിന്റെ ഗൂഢാലോചനയാണെന്ന് ദിലീപ് പ്രസ്താവന നടത്തിയിരുന്നു. ഇതിലാണ് ദിലീപിനെതിരെ ലിബർട്ടി ബഷീർ പരാതി നൽകിയത്. നവംബർ ഏഴിന് കോടതിയിൽ ഹാജരാകാനാണ് സമൻസിലെ നിർദ്ദേശം.
നാല് വർഷം മുൻപായിരുന്നു ലിബർട്ടി ബഷീർ പരാതിയുമായി കോടതിയെ സമീപിച്ചത്. എന്നാൽ ഇതിൽ ഇതുവരെ കോടതി നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്ന് അടുത്തിടെ കോടതിയ്‌ക്കെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ദിലീപിന് സമൻസ് അയച്ചത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കാൻ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായി നിർമ്മാതാവ് ആലപ്പി അഷ്‌റഫ് ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം പരാതിയുടെ കാര്യം വെളിപ്പെടുത്തിയത്. തലശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ദിലീപിനെതിരെ കേസ് കൊടുത്തിട്ട് നാല് കൊല്ലമായി. ഇതുവരെ വിചാരണയ്‌ക്ക് എടുത്തിട്ടില്ല. കേസ് വിചാരണയ്‌ക്ക് എടുക്കാനുള്ള ധൈര്യം മജിസ്‌ട്രേറ്റിന് ഇല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Comments