ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പ്രതി ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയാണ് ഡൽഹി കോടതി തള്ളിയത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ് ഷർജീൽ ഇമാം.
ഡൽഹി അഡീഷണൽ സെഷൻസ് ജഡ്ജ് അമിതാഭ് റാവത്ത് ആണ് ഷർജീലിന് ഇടക്കാല ജാമ്യം നിഷേധിച്ചത്. ജാമ്യത്തിനായി നേരത്തെ സമർപ്പിച്ച അപേക്ഷകളും കോടതി തള്ളിയിരുന്നു. ഇതേ തുടർന്ന് ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയിലും ഇമാം അപേക്ഷ നൽകിയിട്ടുണ്ട്.
മെയ് 27 നായിരുന്നു ഇമാം ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. ഇതിന് മുൻപും ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ഇമാം ഹർജി പിൻവലിക്കുകയും അഡീഷണൽ സെഷൻസ് കോടതിയെ സമീപിക്കുകയുമായിരുന്നു.
നിലവിൽ രാജ്യദ്രോഹമുൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് ഷർജീൽ ഇമാമിനെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇമാമിനെതിരെ അന്വേഷണ സംഘം ജനുവരിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി അപേക്ഷ തള്ളിയത്.
















Comments