ന്യൂഡൽഹി: 2002 ലെ ഫ്‌ളാഗ് കോഡ് ഭേദഗതി ചെയ്തതിനെ സ്വാഗതം ചെയ്ത് ഫ്ളാഗ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (എഫ്എഫ്‌ഐ) പ്രസിഡന്റ് നവീൻ ജിൻഡാൽ. ഭേദഗതി പ്രകാരം സാധാരണക്കാർക്ക് വീടുകളിലും സ്ഥാപനങ്ങളിലും 24 മണിക്കൂർ സമയവും പതാക ഉയർത്താൻ സാധിക്കും. ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായാണ് ഫ്‌ളാഗ് കോഡ് ഭേദഗതി ചെയ്തത്.
അന്തസ്സോടെയും അഭിമാനത്തോടെയും കൂടുതൽ ആളുകൾ ക്യാമ്പയിനിന്റെ ഭാഗമാകുമെന്നും എല്ലാ ദിവസവും പതാക ഉയർത്താൻ അനുവദിക്കുന്നത് പുരോഗമന പരമായ തീരുമാനമാണെന്നും എഫ്എഫ്‌ഐ വ്യക്തമാക്കി. രാജ്യത്തെ എല്ലാ വീടുകളിലും പതാക ഉയരണമെന്നത് ജിൻഡാലിന്റെ സ്വപ്‌നമായിരുന്നു.ജനങ്ങൾ പതാക ഉയർത്തണമെന്നും ത്രിവർണ പതാകയിൽ നിന്നും പ്രചേദനം ഉൾക്കൊള്ളണമെന്നും എഫ്എഫ്‌ഐ കൂട്ടിച്ചേർത്തു. പതാകയുടെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഭരണത്തിലേറുന്ന സർക്കാരുകൾ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് തുടരണം. സ്മാരക പതാകകളും തുണി നിർമിത പതാകകളും 24 മണിക്കൂർ സമയവും ഉയർത്താനാണ് ഇന്നലെ നിലവിൽ വന്ന ഭേദഗതിയിൽ പറയുന്നത്.
2004 വരെ തിരഞ്ഞെടുത്ത ദിവസങ്ങളിൽ മാത്രമാണ് പതാക ഉയർത്താൻ അനുവാദമുണ്ടായിരുന്നത്. ഒരു ദശാബ്ദം നീണ്ട് നിന്ന പോരാട്ടങ്ങൾക്കൊടുവിലാണ് ആഴ്ചയിൽ ഏഴു ദിവസവും പതാക ഉയർത്താൻ അവകാശം ലഭിച്ചത്. 1992 ൽ റായ്ഗഡിൽ ജിൻഡാൽ ത്രിവർണ പതാക ഉയർത്തിയപ്പോൾ ഫ്‌ളാഗ് കോഡ് അനുസരിച്ച് പൗരന് പ്രത്യേക ദിവസങ്ങളിൽ അല്ലാതെ പതാക ഉയർത്താൻ അനുവാദമില്ലെന്ന കാരണത്താൽ ബിലാസ്പൂർ കമ്മീഷണർ വിലക്കേർപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് അദ്ദേഹത്തിന്റ പോരാട്ടങ്ങൾ ആരംഭിച്ചത്. ജിൻഡാൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നയപരമായ തീരുമാനം മാത്രമാണ് പതാക ഉയർത്തുന്നതെന്നും കോടതിയ്‌ക്ക് ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
2004 ജനുവരി 23 ന് പതാക ഉയർത്തുന്നത് ഭരണഘടനയിലെ ആർട്ടിക്കിൾ 19(1)(a) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഡൽഹി കോടതി നിരീക്ഷിക്കുകയും പതാക ഉയർത്താൻ അനുമതി ലഭിക്കുകയും ചെയ്തു.
















Comments