മുംബൈ: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദിനെ അറസ്റ്റ് ചെയ്തതിനെതിരെ കേരളത്തിലെ സാംസ്‌കാരിക നായകർ. അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് പ്രസ്താവനയിറക്കി. എഴുത്തുകാരായ അടൂർ ഗോപാലകൃഷ്ണൻ, കെ. സച്ചിദാനന്ദൻ, എം മുകുന്ദൻ, കെ വേണു, സാറാ ജോസഫ് തുടങ്ങിയവരും, സിനിമാ-സാംസ്‌കാരിക രംഗത്തെ മറ്റ് പ്രമുഖരുമാണ് അറസ്റ്റിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ഗുജറാത്തിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളാണ് ടീസ്ത ഏർപ്പെട്ടിരുന്നതെന്ന് ഇവരുടെ പ്രസ്താവനയിൽ പറയുന്നു. ഗോധ്രാനന്തര കലാപത്തെ തുടർന്ന് വീട് നഷ്ടമായവരെ പുന:രധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലും ഇവർ സജ്ജീവമായിരുന്നു. അവർക്ക് വേണ്ടി നിയമപോരാട്ടവും നടത്തി. നിലവിൽ സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ പേരിലാണ് ടീസ്തയെ പോലീസ് അറസ്റ്റ് ചെയ്തത്.
ടീസ്തയ്‌ക്കൊപ്പം അറസ്റ്റിലായ മുൻ ഡിജിപി ആർ.ബി ശ്രീകുമാറിന്റെ അറസ്റ്റിനെയും ഇവർ പ്രസ്താവനയിൽ അപലപിക്കുന്നുണ്ട്. അധികാരികൾ മൂടി വയ്‌ക്കാൻ ശ്രമിച്ച കാര്യങ്ങളെല്ലാം പുറത്തുകൊണ്ടുവന്നത് അദ്ദേഹമായിരുന്നു. ഗോധ്രാനന്തര കലാപത്തെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും ശ്രീകുമാറിന് അറിയാമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന അജണ്ടയുടെ ഭാഗമായാണ് ടീസ്തയെയും, ശ്രീകുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തത്. മതേതരത്വത്തിലും, ജനാധിപത്യത്തിലും വിശ്വസിക്കുന്നവർ നിലവിലെ സ്വേച്ഛാധിപത്യ ഭരണ സംവിധാനത്തെയും അതുണ്ടാക്കിയ അടിയന്തരാവസ്ഥയ്‌ക്കുമെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും പ്രസ്താവനയിലുണ്ട്.
















Comments