കൊൽക്കത്ത: സ്‌കൂൾ സർവ്വീസ് കമ്മീഷൻ (എസ്എസ് സി) അഴിമതിക്കേസിലും കളളപ്പണം വെളുപ്പിക്കൽ കേസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പശ്ചിമബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെയും സഹായി അർപ്പിത മുഖർജിയെയും 10 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. നെഞ്ചുവേദനയും ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടെന്ന് പറഞ്ഞ് ചികിത്സ തേടി ചോദ്യം ചെയ്യലും കസ്റ്റഡിയും വൈകിപ്പിക്കാൻ പാർത്ഥ ചാറ്റർജി ശ്രമിച്ചെങ്കിലും ഭുവനേശ്വർ എയിംസിൽ നടത്തിയ പരിശോധനയിൽ കാര്യമായ പ്രശ്‌നങ്ങൾ ഇല്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് കോടതി കസ്റ്റഡിയിൽ വിട്ടത്.
ആഗസ്റ്റ് മൂന്ന് വരെയാണ് ഇരുവരുടെയും കസ്റ്റഡി നീട്ടിയിരിക്കുന്നത്. ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ഇത് അനുവദിച്ചില്ല. ബാങ്ക്ഷാലിലെ പ്രത്യേക ഇഡി കോടതി ജഡ്ജി ജിബോൺ കുമാർ സാധുവിന്റേതാണ് നടപടി. ശനിയാഴ്ച പാർത്ഥ ചാറ്റർജിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. രണ്ട് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടെങ്കിലും നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുളള എസ്എസ്‌കെഎം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ ഇവിടെ ചികിത്സിക്കുന്നത് കേസിൽ വഴിവിട്ട ഇടപെടൽ ഉണ്ടാകാൻ ഇടയാക്കുമെന്ന് ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വെർച്വൽ രീതിയിലാണ് പാർത്ഥ ചാറ്റർജിയെ കോടതിയിൽ ഹാജരാക്കിയത്. 14 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. പാർത്ഥ ചാറ്റർജിയുടെ രക്തസമ്മർദ്ദവും ഓക്‌സിജൻ നിലയുമൊക്കെ സാധാരണ നിലയിലാണെന്നും പ്രത്യേക ആരോഗ്യശ്രദ്ധ വേണ്ടെന്നുമായിരുന്നു ഭുവനേശ്വർ എയിംസിലെ മെഡിക്കൽ റിപ്പോർട്ട്.
പാർത്ഥ ചാറ്റർജിയുടെ സഹായിയായ അർപ്പിത മുഖർജിയുടെ കൊൽക്കത്തയിലെ വസതിയിൽ നടത്തിയ പരിശോധനയിൽ 20 കോടി രൂപയും ഒരു കോടി രൂപയുടെ ആഭരണങ്ങളും കണ്ടെടുത്തിരുന്നു. തുടർന്നായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.
















Comments