ചണ്ഡീഗഢ്: പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും ഇന്ത്യയുമായുള്ള ലയനം സാധ്യമാകുമെന്ന് ഹരിയാന മുഖ്യമന്ത്രിയും മനോഹർ ലാൽ ഖട്ടർ. 1947ലെ ഇന്ത്യയുടെ വിഭജനം വേദനാജനകമാണ്. കിഴക്കൻ ജർമ്മനിയുടെയും പശ്ചിമ ജർമ്മനിയുടെയും ഏകീകരണം പോലെ പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും ഇന്ത്യയ്‌ക്കൊപ്പമുള്ള ലയനം സാധ്യമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.ബിജെപി ന്യൂനപക്ഷ മോർച്ചയുടെ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.നമ്മുടെ രാജ്യത്ത് ജനാധിപത്യ രീതിയിൽ ഏറ്റവും പിന്നാക്കവിഭാഗത്തിൽ നിന്നുള്ള ഒരു സ്ത്രീക്ക് രാഷ്‌ട്രപതിയാകാൻ അവസരം ലഭിച്ചു. ഇത് ഇന്ത്യയിൽ മാത്രമേ സാധ്യമാകൂ. പ്രസിഡന്റ് ദ്രൗപതി മുർമു ഇവിടെ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബംഗ്ലാദേശിലും പാകിസ്താനിലും അക്രമങ്ങൾ നടക്കുകയാണ്. മറ്റൊരിടത്താണെങ്കിൽ രാജ്യത്തിന്റെ പ്രസിഡന്റിന് ഓടിപ്പോകേണ്ടിവരുന്ന സാഹചര്യവുമാണെന്ന് ഹരിയാന മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളയാളുകൾക്ക് ‘ന്യൂനപക്ഷ ടാഗ്’ നൽകിയത് അവർക്ക് ഭയവും അരക്ഷിതാവസ്ഥയും ഉണ്ടാവാതിരിക്കാനാണ്. എന്നാൽ കോൺഗ്രസ് ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസ് ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















Comments