കൊച്ചി: കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.
1985ൽ ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിലെ ഗാനത്തിന്റെ റീമേക്ക് ആണ് ഈ പാട്ട്. ഒ.എൻ.വി കുറുപ്പിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനം ആലപിച്ചത് യേശുദാസ് ആയിരുന്നു. ഈ പാട്ടിന്റെ റീമേക്ക് പാടിയത് ബിജു നാരായണനാണ്.
യൂട്യൂബിലും മറ്റ് സമൂഹമാദ്ധ്യമങ്ങളിലും പാട്ടിപ്പോൾ ഹിറ്റായിരിക്കുകയാണ്. ഇതോടെ 37 വർഷങ്ങൾക്ക് മുൻപ് താൻ ഈണമിട്ട ഗാനം വീണ്ടും പ്രേക്ഷകർ നെഞ്ചിലേറ്റിയതിന്റെ സന്തോഷം വെച്ചിരിക്കുകയാണ്. ഔസേപ്പച്ചൻ. കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അദ്ദേഹം ഫേസ്ബുക്കിലൂടെ ആശംസ നൽകി. ‘ചാക്കോച്ചാ പൊളിച്ചൂടാ മോനെ’ എന്നാണ് അദ്ദേഹം കുറിച്ചത്.
ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. 37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം. അന്ന് ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ കീബോർഡ് എ .ആർ.റഹ്മാൻ , ഗിറ്റാർ ജോൺ ആന്റണി ,ഡ്രംസ് ശിവമണി. അതേ ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ ഓർക്കസ്‌ട്രേഷൻ പുന:സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി.എന്നാണ് ഫോസ്ബുക്ക് കുറിപ്പ്.
കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.
















Comments