താഷ്കന്റ്: ഏഷ്യൻ ജൂനിയർ ഭാരോദ്വഹന മത്സരത്തിൽ വെങ്കല മെഡൽ നേടിയ മലയാളി വിദ്യാർത്ഥിനിക്ക് അഭിനന്ദന പ്രവാഹം. ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റിൽ നടന്ന ഏഷ്യൻ യൂത്ത് ആൻഡ് ജൂനിയർ വെയ്റ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 81 കിലോ ഗ്രാം വിഭാഗത്തിൽ മെഡൽ നേടിയാണ് തൃശൂർ ചേരൂർ സ്വദേശിനിയും തൃശൂർ സെൻറ്ക്ലയേഴ്സ് സ്കൂളിലെ 10 ആം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ അമൃത സുനി രാജ്യത്തിന്റെ അഭിമാനമായത്.
ഏഷ്യൻ ഭാരോദ്വഹന മത്സരത്തിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരം കൂടിയാണ് അമൃത. രണ്ട് വർഷം മുൻപ് കരിയർ ആരംഭിച്ച അമൃത, പങ്കെടുത്ത ആദ്യ ദേശിയ മത്സരത്തിൽ തന്നെ സ്വർണം നേടുകയും തുടർന്ന് പങ്കെടുത്ത 5 ദേശിയ മത്സങ്ങളിൽ മെഡൽ നേട്ടം നിലനിർത്തുകയും ചെയ്താണ് അന്താരാഷ്‌ട്ര മത്സരത്തിലേക്ക് യോഗ്യത നേടിയത്.
15 വയസ്സിനുള്ളിൽ ഒരു അന്താരാഷ്‌ട്ര മെഡലും അഞ്ചു ദേശിയ മെഡലുകളും ഈ കൊച്ചു മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്. ഒളിമ്പിക്സ് ലക്ഷ്യവുമായി മുന്നേറുന്ന അമൃതക്ക് എല്ലാവിധ ആശംസകളും നേർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ നിരവധി പ്രമുഖർ രംഗത്ത് വന്നു.
Comments