പാലക്കാട്: ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ പ്രതികരണവുമായി അവാർഡ് ജേതാവ് നഞ്ചിയമ്മ രംഗത്ത്. ദേശീയ പുരസ്‌കാര വിവാദം കാര്യമാക്കുന്നില്ല. വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ലെന്ന് നഞ്ചിയമ്മ പറഞ്ഞു.
‘വനവാസികളുടെ പാട്ടിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് വിമർശിക്കുന്നത്. ഞങ്ങൾ പാടുന്നത് എന്താണെന്ന് മനസിലാക്കുന്നവരും ചിന്തിക്കുന്നവരും വിമർശിക്കില്ല.വിമർശനത്തിന് പിന്നിൽ അസൂയയുമുണ്ടെന്നും’ നഞ്ചിയമ്മ പറഞ്ഞു.
ചെറുപ്പം മുതൽ പാടുന്നുണ്ട്. പാട്ടിനായി ഒന്നും ഉപേക്ഷിക്കാറില്ല. ആവശ്യമായ ഭക്ഷണങ്ങൾ കഴിച്ചാണ് പാട്ടുപാടുന്നത്. പരമ്പരാഗതമായി പാട്ട് കൈമാറി വരുന്നു. എല്ലാ സംഗീതവും ശുദ്ധമാണെന്ന് നഞ്ചിയമ്മ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ദേശീയ ചലച്ചിത്രപരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മികച്ച ഗായികയ്‌ക്കുള്ള അവാർഡ് നഞ്ചിയമ്മയ്‌ക്ക് നൽകിയതിൽ വിമർശനവുമായി സംഗീതജ്ഞൻ ലിനു ലാൽ രംഗത്തെത്തിയിരുന്നു. ഒരു മാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്‌ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിനായി ജീവിതം ഉഴിഞ്ഞ് വെച്ചവർക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നായിരുന്നു ലിനു ലാലിന്റെ വിമർശനം. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. സംഗീതലോകത്തെ പ്രമുഖരിൽ പലരും നഞ്ചിയമ്മയ്‌ക്ക് പിന്തുണയുമായി എത്തിയിരുന്നു.
Comments