ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്നാം ഘട്ട ചോദ്യം ചെയ്യലിനായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. രാവിലെ 11 മണിയോടെ മകൾ പ്രിയങ്കാ വാദ്രയ്ക്കൊപ്പമാണ് സോണിയ സെൻട്രൽ ഡൽഹിയിലെ ഇഡിയുടെ ഓഫീസിലെത്തിയത്.
സോണിയയെ ഇതുവരെ ഏട്ട് മണിക്കൂറിലധികമാണ് ഇഡി ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 70 ഓളം ചോദ്യങ്ങളാണ് ഇതുവരെ സോണിയ നേരിട്ടത്. 40 ഓളം ചോദ്യങ്ങൾ ഇനിയും ഇഡിയുടെ പക്കൽ ഉണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.കൊറോണ പ്രോട്ടോക്കോളുകൾ പാലിച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കൂടാതെ ചോദ്യം ചെയ്യൽ ഓഡിയോ-വീഡിയോ എന്നിങ്ങനെ റെക്കോർഡ് ചെയ്യുന്നുമുണ്ട്.
കള്ളപ്പണക്കേസുകളിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി വന്ന സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഏറെ പ്രാധാന്യം ഉണ്ട്. വിധി കോൺഗ്രസ് വാദങ്ങൾക്ക് വലിയ തിരിച്ചടിയാണ്.ഇഡിയുടെ അധികാരങ്ങൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ തള്ളിയ കോടതി സ്വത്ത് കണ്ടുകെട്ടാനുൾപ്പെടെയുള്ള ഇഡിയുടെ അധികാരത്തെയും ശരിവെച്ചിരുന്നു.ഇതോടെ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാം. കേസിലെ പ്രഥമ വിവര റിപ്പോർട്ട് പ്രതിക്ക് നൽകേണ്ടതില്ല. സമൻസ് എന്തിന് അയച്ചെന്ന് കുറ്റാരോപിതനോട് പറയേണ്ടതില്ലെന്നും കോടതി ഉത്തരവ് ഇട്ടിരുന്നു. അതുകൊണ്ട് തന്നെ കോടതി ഉത്തരവ് കേസിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ട്.
അതിനിടെ ചോദ്യം ചെയ്യലിനെതിരെ ഡൽഹിയിൽ കോൺഗ്രസ് പ്രവർത്തകർ ഇന്നും പ്രതിഷേധവുമായി രംഗത്തെത്തി. എഐസിസി ആസ്ഥാനത്തുൾപ്പെടെ പ്രതിഷേധം നടന്നു.ജൻപഥ്-അക്ബർ റോഡിലെ സോണിയ ഗാന്ധിയുടെ വസതിക്കും ഇഡി ഓഫീസിനും ഇടയിലുള്ള ഒരു കിലോമീറ്ററിലധികം ദൂരം പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.കോൺഗ്രസ് എംപി മാർ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. പിന്നാലെ പ്രതിഷേധക്കാർ രാഷ്ട്രപതി ഭവനിലേക്ക് പോകാൻ ശ്രമിക്കവെ ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിലായ കോൺഗ്രസ് എംപിമാരെ കിംഗ്സ് വേ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഡൽഹിക്ക് പുറമെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രതിഷേധം നടന്നു. സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ രാജ് ഭവന് മുന്നിൽ പ്രതിഷേധിച്ചു. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അപകീർത്തിപ്പെടുത്തി കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാൻ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.
Comments