കൊൽക്കത്ത: അദ്ധ്യാപക നിയമന കുംഭകോണക്കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും പ്രതിയായ പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയെ തള്ളിപ്പറഞ്ഞ് തൃണമൂൽ കോൺഗ്രസ്. മന്ത്രിയുടെ അനുയായിയുടെ വസതികളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന റെയ്ഡിൽ 50 കോടിയിലധികം രൂപയും 5 കിലോ സ്വർണാഭരണങ്ങളും കണ്ടെടുത്തിരുന്നു.
ഇത് വിവാദമായതിന് പിന്നാലെയാണ് മന്ത്രിയെ സ്വന്തം പാർട്ടി തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നത്. നമുക്കെല്ലാവർക്കും നാണക്കേടും അപമാനവും എന്നാണ് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പാർത്ഥ ചാറ്റർജിയെ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
” ഈ സംഭവ വികാസം വളരെ ആശങ്കാജനകമാണ്. ഇത്തരം സംഭവങ്ങൾ പാർട്ടിയ്‌ക്കും നമുക്കെല്ലാവർക്കും നാണക്കേടുണ്ടാക്കുന്നു. അദ്ദേഹം ചോദിക്കുന്നത് താൻ എന്തിനാണ് മന്ത്രിസ്ഥാനം രാജിവെയ്‌ക്കുന്നത് എന്നാണ്.എന്തുകൊണ്ടാണ് അദ്ദേഹം പൊതുജനത്തിന് മുന്നിൽ കുറ്റക്കാരനല്ലെന്ന് പറയാത്തത്?, എന്താണ് അദ്ദേഹത്തെ തടയുന്നത്” എന്നായിരുന്നു കുനാൽ ഘോഷിന്റെ ട്വീറ്റ്.
പാർത്ഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്ത് നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് പാർട്ടി വക്താവ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം പാർത്ഥ ചാറ്റർജിയുടെ ഔദ്യോഗിക വാഹനം നിയമസഭയിലേക്ക് തിരിച്ചെത്തിക്കുകയും മിനിസ്റ്റർ നെയിം ബോർഡ് മാറ്റി വെയ്‌ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പാർട്ടി മുഖപത്രത്തിൽ ചാറ്റർജിയെ മന്ത്രിയായോ പാർട്ടി ജനറൽ സെക്രട്ടറിയായോ വിശേഷിപ്പിക്കുന്നത് നിർത്തിയിരുന്നു.
പാർത്ഥ ചാറ്റർജിയ്‌ക്കെതിരെ പാർട്ടിയ്‌ക്കുള്ളിൽ തന്നെ വിമർശനങ്ങൾ ശക്തമായെങ്കിലും തന്റെ വിശ്വസ്തന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
















Comments