തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്കാര പ്രഖ്യാപനത്തിൽ പ്രതികരിച്ച് ടിജെ ജോസഫ് മാഷ്.മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരർ കൈ വെട്ടിയ തൊടുപുഴ ന്യൂമാൻ കോളേജിലെ മുൻ അദ്ധ്യാപകനാണ് ടിജെ ജോസഫ്.
എന്നോടൊപ്പം നിന്ന, എന്നെ ഇപ്പോഴും ജീവിപ്പിക്കുന്ന നല്ലവരായ മനുഷ്യർക്ക് അവാർഡ് സമർപ്പിക്കുന്നു എന്ന് ടി ജെ ജോസഫ് പറഞ്ഞു. എഴുത്തുകാരൻ എന്ന നിലയിൽ ഇതുപോലൊരു അംഗീകാരം ഏറെ സന്തോഷം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദുരന്താനുഭവങ്ങളിലൂടെയും കടന്നുപോകുമ്പോൾ ഒപ്പംനിന്ന ഒരുപാട് നല്ല മനുഷ്യരുണ്ട്. സ്നേഹവും പിന്തുണയും പണവുമൊക്കെ തന്ന് സഹായിച്ചവർ. അവർക്ക് ഈ അംഗീകാരം സമർപ്പിക്കുന്നു. നന്മ ഇപ്പോഴും ഇല്ലാതായിട്ടില്ല. സ്വന്തം ജീവിതാനുഭവം എന്ന നിലയിൽ മാത്രമല്ല ഈ രചനയെ കാണുന്നത്. നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥയെ വരച്ചിടാനാണ് ശ്രമിച്ചത്. അറിവും സാക്ഷരതയുമുള്ള സമൂഹത്തിൽ സാധാരണക്കാരൻ എത്രമാത്രം അരക്ഷിതനാണെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ശ്രമമായിരുന്നു അതെന്നും ടി ജെ ജോസഫ് പറഞ്ഞു.
അറ്റുപോകാത്ത ഓർമ്മകൾ’ എന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ ആത്മകഥയ്ക്കാണ് പുരസ്കാരം. ഇരുപത്തി അയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം. കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
2010 ജൂലൈ നാലിനാണ് മൂവാറ്റുപുഴ നിർമ്മല കോളേജിന് സമീപം വെച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ ഭീകരർ വെട്ടിമാറ്റിയത്. പ്രൊഫസർ തയ്യാറാക്കിയ ചോദ്യ പേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
Comments