കൊൽക്കത്ത: അദ്ധ്യാപക നിയമന കുംഭകോണക്കേസുമായി ബന്ധപ്പെട്ട് നടി അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് കണ്ടെടുത്തത് നോട്ട് കൂമ്പാരം. ബെൽഘാരിയ ടൗൺ ക്ലബിലെ ആഡംബര ഫ്‌ളാറ്റിൽ നിന്ന് 28 കോടിയോളം രൂപയും ആറു കിലോ സ്വർണവും വെള്ളിനാണയങ്ങളും ഭൂമിയിടപാടുകളുടെ രേഖകളുമാണ് ഡി കണ്ടെടുത്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഇഡി പിടികൂടിയ പണം 50 കോടിയോളം രൂപയായി.
വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ നിധി സൂക്ഷിപ്പ് കേന്ദ്രമാണ് അർപ്പിതയുടെ വീടുകൾ, എന്ന വിവരത്തെ തുടർന്നാണ് ഇഡി ഇന്നലെ റെയ്ഡ് നടത്തിയത്.
ശുചിമുറിയിലടക്കമാണ് നോട്ട് സൂക്ഷിച്ചിരുന്നത്. നോട്ട് എണ്ണുന്ന യന്ത്രത്തിന്റെ സഹായത്തോടെ ഇന്ന് രാവിലെയോടെയാണ് നോട്ടുകൾ എണ്ണിത്തീർത്തത്.
ദിവസങ്ങൾക്ക് മുൻപ് അർപ്പിതയുടെ മറ്റൊരു വസതിയിൽ നിന്ന് 21 കോടിയോളം രൂപയും 50 ലക്ഷത്തിന്റെ വിദേശകറൻസികളും ഇഡി പിടിച്ചെടുത്തിരുന്നു.20 മൊബൈൽ ഫോണുകളും 70 ലക്ഷം രൂപയുടെ സ്വർണവും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം തന്റെ വീട് മന്ത്രി പാർത്ഥ ചാറ്റർജി ഒരു മിനി ബാങ്ക് പോലെയാണ് കൈകാര്യം ചെയ്തിരുന്നതെന്ന് അർപ്പിത മുഖർജി വെളിപ്പെടുത്തിയിരുന്നു. മന്ത്രിയ്‌ക്കും അടുപ്പക്കാർക്കും മാത്രം കടക്കാൻ അനുവാദമുള്ള ഒരു മുറി തന്റെ വീട്ടിലുണ്ടായിരുന്നതായും ആ മുറിയിലാണ് മന്ത്രിയുടെ പണമെല്ലാം സൂക്ഷിച്ച് വെച്ചിരുന്നതെന്നും അവർ വെളിപ്പെടുത്തി.
എത്ര പണമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നതെന്ന് തന്നോട് പറയാറില്ലെന്നും നടി വെളിപ്പെടുത്തി. അദ്ധ്യാപക നിയമനത്തിനായി വാങ്ങിയ കോഴപ്പണമാണ് ഇഡി വീട്ടിൽ നിന്ന് കണ്ടെടുത്തതെന്ന് അവർ കുറ്റസമ്മതം നടത്തിയതായാണ് വിവരം.
അർപ്പിതയുടെ വെളിപ്പെടുത്തലിനും റെയ്ഡിനും പിന്നാലെ മന്ത്രിയ്‌ക്കെതിരെ തൃണമൂൽ കോൺഗ്രസിൽ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. മന്ത്രി അപമാനമാണെന്നും രാജി വെയ്‌ക്കണമെന്നും ആവശ്യപ്പെട്ട് പാർട്ടി വക്താവ് അടക്കം രംഗത്തെത്തിയിരുന്നു.
















Comments