കൊൽക്കത്ത: ബംഗാളിലെ അദ്ധ്യാപക നിയമന കുംഭകോണക്കേസിൽ വീണ്ടും ഇഡിയുടെ നിർണായക നീക്കം. നടി അർപ്പിത മുഖർജിയുടെ മറ്റൊരു വസതിയിൽ ഇഡി റെയ്ഡ് ആരംഭിച്ചു. വ്യവസായ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയ്‌ക്ക് അഴിമതിക്കേസിലുള്ള പങ്ക് കൂടുതൽ വ്യക്തമായതോടെയാണ് ഇഡിയുടെ നടപടി.
അർപ്പിതയുടെ കൊൽക്കത്തയിലുള്ള വീട്ടിലാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്. ന്യൂടൗണിലുള്ള ചിനാർ പാർക്കിലെ റോയൽ റെസിഡൻസിയിലാണ് റെയ്ഡ്. രാവിലെ ബെൽഗാറിയയിലെ വസതിയിൽ ഇഡി റെയ്ഡ് നടത്തുകയും 29 കോടിയോളം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അർപ്പിതയുടെ മാതാവിന്റെ ഫ്‌ളാറ്റായിരുന്നു ഇത്. ഇതുവരെ അർപ്പിതയുടെ നാല് ഫ്‌ളാറ്റുകളാണ് ഇഡി പരിശോധിച്ചത്. വ്യാഴാഴ്ച വരെ നടത്തിയ പരിശോധനയിൽ 50 കോടിയോളം രൂപയും സ്വർണാഭരണങ്ങളും വെള്ളിനാണയങ്ങളും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. കൂടാതെ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ നിർണായക രേഖകളും അർപ്പിതയുടെ വീട്ടിൽ നിന്നും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
തന്റെ വിവിധ വസതികളിൽ നിന്നും ലഭിച്ച പണം സൂക്ഷിക്കാൻ ഏൽപ്പിച്ചത് മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയാണെന്ന് അർപ്പിത വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തൃണമൂൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകുകയും പാർത്ഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. പാർട്ടിയുടെ മറ്റ് ചുമതലകളിൽ നിന്നും പാർത്ഥയെ നീക്കം ചെയ്തിട്ടുണ്ട്. ബംഗാൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയ അഴിമതി കേസിൽ ദിനം പ്രതി കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.
















Comments