ആലപ്പുഴ: കൊറോണ ലോകത്തെ ലോക്ക്ഡൗണിലാക്കിയപ്പോൾ വ്യത്യസ്തമായ രീതിയിൽ അതിനെ നേരിട്ട മലയാളി എഞ്ചിനീയർ വാർത്തകളിൽ നിറയുന്നു. സ്വന്തമായി വിമാനം നിർമ്മിച്ചാണ് യുകെ യിൽ മെക്കാനിക്കൽ എഞ്ചിനീയറായ അശോക് താമരാക്ഷൻ താരമായത്.നാലു സീറ്റുള്ള ‘ജി ദിയ’ എന്ന് പേരിട്ടിരിക്കുന്ന വിമാനം 1,40,000 യൂറോ മുതൽ മുടക്കിലാണ് നിർമ്മിച്ചിരിക്കുന്നത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വിമാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2021 നവംബറിലാണ് പൂർത്തിയായത്.
ഗതാഗത കുരുക്ക് രൂക്ഷമായതോടെയാണ് വിമാനം നിർമ്മിക്കണമെന്ന ആശയം ഉടലെടുത്തതെന്ന് അശോക് വ്യക്തമാക്കി. ലോക്ക്ഡൗൺ സമയത്ത് ഇതിനായി ലണ്ടനിൽ അദ്ദേഹത്തിന്റെ വസതിയിൽ വർക്ക്‌ഷോപ്പും നടത്തി. ലൈസൻസിനായി മൂന്നുമാസത്തെ പരീക്ഷണ പറക്കലും നടത്തിയതായി വ്യക്തമാക്കി.
കുടുംബമായി വിമാന യാത്രകൾ നടത്തണമെന്ന ആഗ്രഹവും സ്വന്തമായി വിമാനം എന്ന ആശയത്തിലേക്ക് എത്തിച്ചു. സ്വയം നിർമ്മിത വിമാനത്തിൽ മെയ് ആറു മുതൽ വിദേശ യാത്രകൾ ആരംഭിച്ചതായി വ്യക്തമാക്കി. ജർമനി, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിലാണ് അശോകും കുടുംബവും യാത്ര നടത്തിയത്. 38 കാരനായ അശോകിനു ബ്രിട്ടീഷ് സിവിൽ ഏവിയേഷൻ കമ്പനിയുടെ പൈലറ്റ് ലൈസൻസും സ്വന്തമായിട്ടുണ്ട്. മുൻ മന്ത്രി പ്രൊഫസർ എ.വി താമരാക്ഷന്റെയും ഡോക്ടറായ എ ലതയുടെയും മകനാണ് അശോക്. ഭാര്യ അഭിലാഷ ഇൻഡോർ സ്വദേശിയും ലണ്ടനിൽ ഇൻഷുറൻസ് മേഖലയിലെ ഉദ്യോഗസ്ഥയുമാണ്.
Comments