ന്യൂഡൽഹി: കൃഷിയുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തി മികച്ച കാർഷിക രീതികൾ സൃഷ്ടിക്കാനായി അഞ്ച് വർഷത്തെ ഇടവേളയിൽ നടത്തുന്ന കാർഷിക സർവേയ്‌ക്ക് ഓഗസ്റ്റിൽ തുടക്കമാകും. സർവേയിൽ വിവരങ്ങൾ ശേഖരിക്കാനായി സ്മാർട്ട് ഫോണുകളും ടാബ് ലെറ്റുകളും ഉപയോഗിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്ന സ്ഥലം, സ്ഥലത്തിന്റെ അളവ്, വിള രീതികൾ, പാട്ടഭൂമിയുടെ വിവരങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങളെ കേന്ദ്രീകരിച്ചാണ് സർവേ നടത്തുക. കേന്ദ്ര വകുപ്പുകൾ, സംസ്ഥാന സർക്കാരുകൾ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവർക്കാണ് സെൻസസ് ചുമതല. സെൻസസ് എങ്ങനെ നടത്തണമെന്നതിന് മാർഗ നിർദേശങ്ങൾ വിശദീകരിക്കുന്ന കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. ഡാറ്റ കളക്ഷൻ പോർട്ടലും ആപ്പും അവതരിപ്പിക്കുകയും ചെയ്തു.
ഇത്തരത്തിൽ ഡിജിറ്റൽ രീതിയിൽ മൊബൈൽ ആപ്പുകളുടെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കുന്നത് കൃഷിയുമായി ബന്ധപ്പെട്ട ഡാറ്റാബേസ് സൃഷ്ടിക്കുന്നതിൽ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. കർഷകരെ പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനും വിവര ശേഖരണം വഴി കഴിയും. ആദായകരമായ വിളകൾ കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയും ആഗോള നിലവാരം പുലർത്തേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കും. രാജ്യം ഡിജിറ്റൽ കൃഷിയിലേക്ക് നീങ്ങുകയാണെന്നും വിളകളുടെ ഭൂപടത്തിൽ ഇന്ത്യയ്‌ക്ക് വിശിഷ്ഠമായ സ്ഥാനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ അഞ്ച് വർഷം കൂടുമ്പോഴാണ് കാർഷിക സെൻസസ് നടത്തുന്നത്. കൊറോണ പ്രതിസന്ധി മൂലം മുടങ്ങിയ സർവേയാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. 1970-71 കാലഘട്ടത്തിലാണ് കാർഷിക മന്ത്രാലയം സെൻസസ് ആരംഭിച്ചത്.
















Comments