ന്യൂഡൽഹി : ബംഗളൂരു സ്‌ഫോടനക്കേസിൽ പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ പുതിയ തെളിവുകൾ പരിഗണിക്കണമെന്ന ആവശ്യവുമായി കർണാടക സർക്കാർ സുപ്രീം കോടതിയിൽ. ഫോൺ റെക്കോർഡിംഗ് ഉൾപ്പെടെയുള്ള തെളിവുകൾ പരിഗണക്കണമെന്നാണ് ആവശ്യം. സർക്കാരിന്റെ ആവശ്യം പരിഗണിച്ച സുപ്രീം കോടതി കേസിന്റെ അന്തിമ വാദം കേൾക്കൽ സ്റ്റേ ചെയ്തു.
കേസിലെ പുതിയ തെളിവുകൾ പരിഗണിക്കാൻ വിചാരണ കോടതിയോട് നിർദ്ദേശിക്കണമെന്ന ആവശ്യം നേരത്തെ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ എതിർത്തുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ കോടതിയിൽ ആരംഭിക്കാൻ ഇരിക്കുന്ന അന്തിമ വാദം കേൾക്കൽ സ്റ്റേ ചെയ്യണമെന്ന് കർണാടക സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ നിഖിൽ ഗോയൽ ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീം കോടതി ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
സർക്കാരിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി കേസിലെ 21 പ്രതികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പുതിയ തെളിവുകൾ പരിഗണിക്കണോ എന്നതിൽ രണ്ടാഴ്ചയ്‌ക്കകം തീരുമാനമെടുക്കാനാണ് നിർദ്ദേശം. ഇത് സംബന്ധിച്ച് വിചാരണ പൂർത്തിയായ ശേഷം മാത്രമേ ഇനി അന്തിമ വാദം കേൾക്കൂ.
അതേസമയം മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കളമശ്ശേരിയിൽ ബസ് കത്തിച്ച കേസിൽ തടിയന്റവിട നസീർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർക്ക് തിങ്കളാഴ്ച ശിക്ഷ വിധിക്കും.
















Comments