ന്യൂഡൽഹി: ഇന്ത്യാ ചൈന അതിർത്തിയിൽ 5ജി സാങ്കേതികവിദ്യയിലൂടെ പ്രതിരോധം ശക്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യ. അതിർത്തിയിലെ 18000 അടി ഉയരമുള്ള പർവ്വതപ്രദേശങ്ങളിൽ 5ജി സാങ്കേതികവിദ്യ വിന്യസിക്കാൻ ആണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അതിർത്തി സംരക്ഷണ സേനകളുടെ ആശയവിനിമയം എളുപ്പമാക്കുക എന്നതാണ് പ്രധാനമായും ഇതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ഇതിനായി പ്രധാനപ്പെട്ട മൊബൈൽ കമ്മ്യൂണിക്കേഷൻ കമ്പനികൾക്ക് അതിർത്തിയിലെ 5ജി സ്പെക്ട്രം ലേലം നൽകും.അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്ന് ഏറ്റവും മികച്ച സംവിധാനമായിരിക്കും തിരഞ്ഞെടുക്കുക എന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. ആശയവിനിമയത്തോടൊപ്പം ശബ്ദ സന്ദേശങ്ങളുടെയും ഡാറ്റയുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്നതും സൈന്യത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യങ്ങൾ മുൻനിർത്തിയാകും ലേലം ഉറപ്പിക്കുക. ഈ വർഷം അവസാനത്തോടെ 5ജി സൗകര്യം സാധാരണക്കാർക്ക് ലഭ്യമാകുമെന്നും ഓഗസ്റ്റ് 15ന് മുമ്പ് എല്ലാ സ്‌പെക്‌ട്രവും അനുവദിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള പല സ്ഥലങ്ങളിലും ചൈന 5G നെറ്റ്‌വർക്ക് സ്ഥാപിച്ചിട്ടുണ്ട്. 2020-ലെ ലഡാക്ക് സംഘർഷത്തിന് ശേഷമാണ് ചൈനയുടെ ഈ നീക്കം.
















Comments