ന്യൂഡൽഹി: നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലി ഓഗസ്റ്റ് ഒന്നിന് ഇന്ത്യയിലെത്തും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ സന്ദർശനം. മാലിയിലെ ഉന്നതതല ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധികളും സോലിയെ അനുഗമിക്കും. പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായി നയതന്ത്ര, വ്യാപാര ചർച്ചകൾ നടത്തും. രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും ഇബ്രാഹിം മുഹമ്മദ് സോലി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഡൽഹിയിലെ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം മുംബൈയിലെ വ്യവസായ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.ഇരു രാജ്യങ്ങളും പങ്കാളിത്തം വഴി കൈവരിച്ച നേട്ടങ്ങളുടെ അവലോകനം നടത്തും.
ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്ര സുരക്ഷാ പ്രശ്നങ്ങളിലും പ്രതിരോധ സഹകരണത്തിലും ഇന്ത്യയും മാലിദ്വീപും സംയുക്തമായാണ് പ്രവർത്തിക്കുന്നത്. വികസന സഹകരണ മേഖലയിലും ദൃഢമായ സഹകരണമുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹിക വികസന പദ്ധതികൾക്കുമായി ദ്വീപ് രാഷ്‌ട്രത്തിന് 1.2 ബില്യൺ യുഎസ് ഡോളറിന്റെ സഹായം ഇന്ത്യ നൽകിയിരുന്നു.
മാലിദ്വീപ് ഇന്ത്യൻ മഹാസമുദ്ര പ്രദേശത്ത് ഇന്ത്യയുടെ പ്രധാന അയൽ രാജ്യമാണ്.രാജ്യത്തിന്റെ അയൽരാജ്യ നയത്തിൽ പ്രത്യേക സ്ഥാനം വഹിക്കുന്ന രാജ്യവുമാണ് മാലിദ്വീപ് .ദ്വീപ് രാഷ്‌ട്ര സേന മേധാവി മാജ് ജെൻ അബ്ദുള്ള ഷമാലും സായുധ സേന മേധാവി ജനറൽ മനോജ് പാണ്ഡെയുമായി നടന്ന ചർച്ചയിലാണ് സന്ദർശനം സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.
















Comments