കൊച്ചി: ലഹരി ഉപയോഗിച്ചതിന് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്ത സീരിയൽ നടി അശ്വതി ബാബുവും സുഹൃത്ത് നൗഫലും താമസിച്ചിരുന്ന വീട്ടിൽ നിന്ന് എക്‌സൈസ് കഞ്ചാവ് പിടികൂടി. കൂനമ്മാനിൽ ഇവർ താമസിക്കുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് ഇലയും വിത്തുകളും പിടികൂടിയത്. വീട്ടിൽ ഇവർ കഞ്ചാവ് സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്.
സിന്തറ്റിക് ലഹരിയിൽ നിന്ന് മോചനം നേടുന്നതിന് വേണ്ടിയാണ് കഞ്ചാവ് ഉപയോഗിക്കുന്നതെന്നും, ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെ ചെയ്യുന്നതെന്നുമാണ് അശ്വതിയുടെ വാദം. എന്നാൽ ഉദ്യോഗസ്ഥർ ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്‌തെങ്കിലും 10 ഗ്രാമിൽ താഴെ മാത്രമാണ് ലഹരി കണ്ടെത്തിയത് എന്നതിനാൽ വിട്ടയക്കുകയായിരുന്നു.
ലഹരി ഉപയോഗത്തിന്റെ പേരിൽ അശ്വതി ബാബു നേരത്തെ മുതൽ പോലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം ഇവർ ലഹരി ഉപയോഗിച്ച് വാഹനങ്ങളിൽ കൂട്ടയിടി നടത്തി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ അറിയിച്ചതിന് പിന്നാലെ പോലീസ് പിടികൂടുകയായിരുന്നു. 16 വയസ്സ് മുതൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ഇവർ നേരത്തേയും പറഞ്ഞിട്ടുണ്ട്. 2017ൽ കാറിൽ എംഡിഎംഎയുമായി പിടിയിലായിട്ടുണ്ട്. ലഹരിക്ക് അടിമയായിരുന്ന ഇവർ അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്. പുറത്ത് വിട്ടാലും ലഹരി ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്നും ഇവർ അന്ന് പോലീസിനോട് പറഞ്ഞിരുന്നു.
















Comments