ന്യൂഡൽഹി: വ്യോമസേനയ്‌ക്ക് ഏറെ ഗുണങ്ങൾ ചെയ്ത മിഗ്-21 ബൈസൺ വിമാനത്തിന്റെ സേവനങ്ങൾ 2025- ഓടെ അസാനിപ്പിക്കുമെന്ന് വ്യക്തമാക്കി വ്യോമസേന. മിഗ് വിമാനത്തിന് പകരമായി തേജസ് വിമാനമാകും സേവനങ്ങൾ ലഭ്യമാക്കുകയെന്ന് വ്യോമസേന വ്യക്തമാക്കി. തേജസിന്റെ ലൈറ്റ് കോംപാക്ട്, എസ് യു -30 എന്നിവയുടെ വ്യത്യസ്ത വകഭേദങ്ങൾ സേനയുടെ ഭാഗമാക്കുമെന്നും ഐഎഎഫ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബാർമറിൽ പരീക്ഷണ പറക്കലിനിടയിൽ അപകടത്തിൽ പെട്ട് രണ്ട് പൈലറ്റുമാർ മരിച്ചിരുന്നു. കാല പഴക്കവും സുരക്ഷാപ്രശ്‌നങ്ങളും പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നുവെന്ന് സേന വ്യക്തമാക്കി. തുടർച്ചയായി ഉണ്ടാകുന്ന അപകടവും ഭീഷണിയാകുന്നു.തുടർച്ചയായി അപകടത്തിൽ പെടുന്നതിനാൽ മിഗ് വിമാനങ്ങൾ ‘ പറക്കുന്ന ശവപ്പെട്ടി ‘എന്നാണ് അറിയപ്പെട്ടിരുന്നത്. 20 മാസത്തിൽ 6 അപകടങ്ങളിലായി 5 പൈലറ്റുമാരാണ് മരിച്ചത്.ആറു പതിറ്റാണ്ടിലായി 400- ഓളം വിമാനങ്ങൾക്ക് അപകടം സംഭവിച്ചു.
സോവിയറ്റ് യൂണിയന്റെ കാലഘട്ടത്തിൽ നിർമ്മിച്ച സിംഗിൾ എഞ്ചിൻ യുദ്ധ വിമാനമാണ് മിഗ്-21.സോവിയറ്റ് യൂണിയന്റെ മിക്കോയാൻ-ഗുരെവിച്ച് ഡിസൈൻ ബ്യൂറോയാണ് മിഗ്-21 ന്റെ ശിൽപി. ഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധവിമാനത്തിന്റെ ആദ്യ പതിപ്പ് 1963-ലാണ് രാജ്യത്തിന് ലഭിച്ചത്. കൂടുതൽ കഴിവുള്ള 874 ഓളം സൂപ്പർസോണിക് യുദ്ധവിമാനങ്ങളും മിഗ്-21 ബൈസൺ വിമാനത്തിന്റെ മെച്ചപ്പെട്ട പതിപ്പും 1976 ൽ ലഭ്യമാക്കി. 2019 ൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ചെറുത്ത് നിൽക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത് മിഗ് വിമാനമായിരുന്നു.
Comments