ന്യൂഡൽഹി: 5ജി സ്പെക്ട്രം ലേലം അഞ്ചാം ദിവസം പിന്നിട്ടപ്പോൾ ഇതുവരെ നടന്നത് 1,49,967 കോടിയുടെ ലേലം. കേന്ദ്ര വാർത്താവിനിമയ, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ച ഏഴ് റൗണ്ട് ലേലം നടന്നു. അഞ്ച് ദിവസങ്ങളിലായി നടന്ന 30 റൗണ്ട് ലേലത്തിന് ശേഷം കേന്ദ്രസർക്കാരിന് ലഭിച്ച മുഴുവൻ ലേലത്തിന്റെ മൂല്യമാണ് സർക്കാർ പുറത്ത് വിട്ടിരിക്കുന്നത്.
ലേലത്തിന്റെ ആദ്യദിനത്തിൽ 1.45 ലക്ഷം കോടി രൂപയുടെ ലേലമാണ് ലഭിച്ചത്. ആദ്യദിനം നാല് റൗണ്ട് ലേലമാണ് നടന്നത്. രണ്ടാം ദിവസം അഞ്ച് റൗണ്ടുകൾ, മൂന്നും നാലും അഞ്ചും ദിവസങ്ങളിലായി ഏഴ് റൗണ്ട് വീതം ലേലവും നടന്നതോടെ ആകെ 30 റൗണ്ടുകളിൽ നിന്നുമാണ് 1,49,855 കോടി രൂപയുടെ ലേലം കേന്ദ്രസർക്കാരിന് ലഭിച്ചത്. ആറാം ദിവസമായ ഞായറാഴ്ചയും ലേലം തുടരും. 80,000 കോടി രൂപ മുതൽ ഒരു ലക്ഷം കോടി രൂപ വരെയാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിച്ച ലേലതുക. 2015ലെ സ്പെക്ട്രം ലേലത്തിൽ ലഭിച്ച 1.09 ലക്ഷം കോടി രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന കളക്ഷൻ.
5ജി ലേലത്തിൽ നാല് കമ്പനികളാണ് മത്സര രംഗത്തുള്ളത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി ഡാറ്റ എന്നീ കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. നാല് കമ്പനികളും ചേർന്ന് ഇഎംഡിയായി നിക്ഷേപിച്ചത്(earnest money deposit) 21,800 കോടി രൂപയാണ്. ഈ തുകയുടെ പകുതിയിലധികവും നൽകിയത് റിലയൻസ് ജിയോയാണ്. റിലയൻസ് ജിയോ ഇഎംഡിയായി നിക്ഷേപിച്ചത് 14,000 കോടി രൂപയാണ്. ഭാരതി എയർടെൽ ലിമിറ്റഡ് 5,500 കോടി, വോഡഫോൺ ഐഡിയ ലിമിറ്റഡ് 2,200 കോടി, അദാനി ഡാറ്റാ നെറ്റ്‌വർക്ക് 100 കോടി എന്നിങ്ങനെ നിക്ഷേപിച്ചിരിക്കുന്നു.
















Comments