ന്യൂഡൽഹി: ഇന്ത്യയുടെ പുരോഗതിയെ തകർക്കുന്ന അന്തരീക്ഷത്തെ സൃഷ്ടിച്ചെടുക്കാൻ ചിലരുടെ ഭാഗത്ത് നിന്നും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ അക്രമവും സംഘർഷവും സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന സർവമത സൗഹാർദ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പൗരന്മാർക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്ന പോപ്പുലർ ഫ്രണ്ട് പോലെയുള്ള സംഘടനകളെ നിരോധിക്കണമെന്ന പ്രമേയവും യോഗത്തിൽ പാസാക്കി. തീവ്രവാദ സംഘടനകൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. തീവ്ര സംഘടനകളെ നിരോധിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത സൂഫി പുരോഹിതരും വ്യക്തമാക്കി.
നിശബ്ദ കാഴ്‌ച്ചക്കാരായി ഇരിക്കാൻ നമുക്ക് കഴിയില്ല. സംഘടിക്കുകയും ശബ്ദമുയർത്തുകയും തെറ്റുകൾ തിരുത്തപ്പെടുത്തുകയും വേണം. ഇന്ത്യയിലെ എല്ലാ വിഭാഗങ്ങൾക്കും ഐക്യമുണ്ടാകണം. എല്ലാവരും ചേരുന്ന ഒരു രാജ്യമാണിതെന്ന ചിന്തയുണ്ടാകണം. എല്ലാ മതങ്ങൾക്കും ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നതിൽ നമുക്ക് അഭിമാനിക്കാമെന്നും ഡോവൽ പറഞ്ഞു. അപലപിക്കുന്നതുകൊണ്ട് മാത്രം മതിയാകില്ല. തീവ്രവാദ ശക്തികൾക്കെതിരെ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഓൾ ഇന്ത്യ സൂഫി സജ്ജദാനഷിൻ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡോവൽ കൂട്ടിച്ചേർത്തു.
എന്തെങ്കിലുമൊരു അനിഷ്ട സംഭവം ഉണ്ടാകുമ്പോൾ നാം അതിനെ അപലപിക്കുന്നു. എന്നാലിപ്പോൾ എന്തെങ്കിലും നാം ചെയ്യേണ്ട സമയമാണ്. തീവ്ര സംഘടനകളെ നിയന്ത്രിക്കുകയും നിരോധിക്കുകയും വേണമെന്നതാണ് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. തെളിവുകൾ ലഭിച്ചാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ഏതൊരു തീവ്രസംഘടനയും നിരോധിക്കപ്പെടണമെന്ന് ഓൾ ഇന്ത്യ സൂഫി സജ്ജദാനഷിൻ കൗൺസിൽ ചെയർപേഴ്‌സൺ ഹസ്രത്ത് സയ്യിദ് നസറുദ്ദീൻ ചിഷ്ടി പറഞ്ഞു.
















Comments