ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ പുത്രൻ ചാൾസ് രാജകുമാരൻ ഭീകര സംഘടനയായ അൽഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽ നിന്നും സംഭാവന സ്വീകരിച്ചതായി റിപ്പോർട്ടുകൾ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ബിൻ ലാദന്റെ സഹോദരൻ ഷഫീക്ക്, സൗദി കുടുംബ കുലപതി ബക്കർ ബിൻ ലാദൻ എന്നിവരുടെ പക്കൽ നിന്നും 2013 ൽ ഒരു മില്യൺ പൗണ്ട് പണം സ്വീകരിച്ചു. രാജകുമാരന്റെ ലണ്ടനിലെ വസതിയിലെയും പ്രിൻസ് ഓഫ് വെയ്ൽസ് ചാരിറ്റബിൾ ഫണ്ടിന്റെയും ഉപദേഷ്ടകർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും തുക സ്വീകരിക്കുകയായിരുന്നു.
പണമിടപാടുകൾ മാദ്ധ്യമങ്ങൾക്ക് ചോർന്നാൽ ദേശീയ അന്തർദേശീയ തലത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും ഇടപാട് അദ്ദേഹത്തിന്റെ പ്രശസ്തിക്ക് ഹാനികരമാകുമെന്ന് ഉപദേശകർ മുന്നറിയിപ്പ് നൽകിയിരുന്നു. ലാദന്റെ കുടുംബാംഗങ്ങൾക്ക് പണം തിരികെ നൽകുന്നതിലും ഇടപാടുകൾ അവസാനിപ്പിക്കുന്നതിലും ഉപദേഷ്ടാക്കളിൽ നിന്ന് വലിയ സമ്മർദ്ദം നേരിടുന്നതിനിടയിൽ ബക്കർ ബിൻ ലാദന് സഹോദരൻ ബിൻ ലാദനുമായി നേരിട്ട് ബന്ധമില്ലെന്നും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും ചാൾസ് രാജകുമാരൻ വ്യക്തമാക്കിയിരുന്നു. പണം തിരികെ നൽകുന്നതിൽ ലജ്ജ തോന്നുന്നുവെന്നും ചാൾസ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രാജകുമാരനു ഇടപാടിൽ നേരിട്ട് പങ്കില്ലെന്നും സംഘടനയുടെ അഞ്ച് ട്രസ്റ്റി അംഗങ്ങളാണ് ലാദന്റെ കുടുംബാങ്ങളിൽ നിന്ന് പണം വാങ്ങാൻ സമ്മതിച്ചതെന്ന് പ്രിൻസ് ഓഫ് വെയിൽസ് ചാരിറ്റബിൾ ഫണ്ട് ചെയർമാൻ വ്യക്തമാക്കി.ഇടപാട് സംബന്ധിച്ച് കാര്യങ്ങൾ സർക്കാരിനെ അറിയിച്ചിരുന്നതായി സംഘടനയുടെ വക്താവ് പറഞ്ഞു.
സംഘടനയുടെ പേരിൽ പണം കൈമാറിയെന്ന വിവാദം ഇതിന് മുൻപും രാജകുമാരനു നേരെ ഉണ്ടായിട്ടുണ്ട്. ഖത്തറിലെ പൊതു പ്രവർത്തകന്റെ പക്കൽ നിന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തുക കൈപ്പറ്റിയിരുന്നതായി ഈ വർഷമാദ്യം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ബിൻ ലാദന്റെ കുടുംബത്തിൽ നിന്നും പണം സ്വീകരിച്ചെന്ന ആരോപണത്തെ സംബന്ധിച്ച് അദ്ദേഹം ഇതുവ വരെ പ്രതികരിച്ചിട്ടില്ല.
ഭീകര സംഘടനയായ അൽഖ്വയ്ദയുടെ സ്ഥാപകനായിരുന്നു ഒസാമ ബിൻ ലാദൻ. യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ, നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ, യൂറോപ്യൻ യൂണിയൻ, തുടങ്ങി വിവിധ രാജ്യങ്ങൾ അൽഖ്വയ്ദയെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചു. 2011ൽ ലാദന്റെ പാകിസ്താനിലുള്ള വസതിയിൽ യുഎസ് സ്‌പെഷ്യൽ ഫോഴ്സ് റെയ്ഡ് നടത്തിയാണ് ഭീകരനെ കൊലപ്പെടുത്തിയത്.
Comments