ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ 67 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് വേണ്ടി റെക്കോർഡ് പ്രകടനത്തോടെ സ്വർണ മെഡൽ നേടിയ ജെറമി ലാൽറിൻനുങ്ക, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലൂടെ വളർന്നു വന്ന താരം. അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ 2018ൽ നടന്ന യൂത്ത് ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടിയ ജെറമി ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ നടത്തിയ മികച്ച പ്രകടനം ശ്രദ്ധേയമായിരുന്നു. ഗുലാം നാവി, നീന്തൽ താരം ശ്രീഹരി നടരാജൻ എന്നിവർക്കൊപ്പം ഖേലോ ഇന്ത്യ വേദിയിൽ തിളങ്ങിയ ഈ പത്തൊൻപത് വയസ്സുകാരൻ, ഇന്ത്യൻ കായിക യുവത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന വിശ്വാസത്തിന്റെ മികച്ച ഉദാഹരണമാണ്.
കഴിവുറ്റ കായിക താരങ്ങളെ സ്കൂൾ തലം മുതൽ കണ്ടെത്തി മികച്ച പരിശീലനം നൽകി ഇന്ത്യൻ കായിക സംസ്കാരത്തിന്റെ ശക്തി ലോകത്തിന് മുന്നിൽ പ്രകടമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശീർവാദത്തോടെ കേന്ദ്ര സർക്കാർ 2017ൽ ആരംഭിച്ച പദ്ധതിയാണ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്. യൂത്ത് ഒളിമ്പിക്സിൽ ഉൾപ്പെടെ ഇന്ത്യക്ക് വേണ്ടി മെഡലുകൾ നേടിയ നിരവധി കായിക താരങ്ങൾക്ക് വളർന്നു വരാൻ ഊർജ്ജം പകർന്ന വേദിയാണ് ഖേലോ ഇന്ത്യ.
രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 143 ഖേലോ ഇന്ത്യ ജില്ലാ കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. ഒളിമ്പ്യന്മാരായ ഷൂട്ടിംഗ് താരങ്ങൾ മനു ഭേകറും സൗരഭ് ചൗധരിയുമായിരുന്നു ഖേലോ ഇന്ത്യയിലൂടെ വരവറിയിച്ച ആദ്യ ദേശീയ താരങ്ങൾ. 2024, 2028 ഒളിമ്പിക്സുകൾ ലക്ഷ്യമിട്ട് ഇന്ത്യയുടെ കായിക യുവത്വം ഖേലോ ഇന്ത്യയിൽ തീവ്രപരിശീലനം തുടരുകയാണ്.
ബാഡ്മിന്റൺ താരം ലക്ഷയ് സെൻ, ഷൂട്ടിംഗ് താരം മെഹുലി ഘോഷ്, അമ്പെയ്‌ത്ത് താരം കോമലിക ബാരി തുടങ്ങിയവർ കൃത്യമായ പരിശീലക- സാമ്പത്തിക പിന്തുണയോടെ ഖേലോ ഇന്ത്യയിലൂടെ രാജ്യത്തിന്റെ കായിക സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. ഇന്ത്യൻ യുവത്വം സമസ്ത മേഖലകളിലും ലോകത്തെ അതിശയിപ്പിക്കണം എന്ന തന്റെ സ്വപ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെ ആവർത്തിച്ച് മണിക്കൂറുകൾക്കുള്ളിൽ ജെറമി നേടിയ സ്വർണ മെഡൽ നേട്ടം ഒരു നിയോഗമാണ്, ഒപ്പം അർത്ഥശൂന്യമായ വിമർശനങ്ങൾ തുടരുന്നവർക്ക് കാലം കരുതി വെച്ച കൃത്യമായ മറുപടിയും.
















Comments