തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള കാരണം. വരുന്ന നാല് ദിവസങ്ങളിൽ തീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 8 ജില്ലകളിലും ബുധനാഴ്ചയും വ്യാഴാഴ്ചയും 12 ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പുണ്ട്.
തീരദേശ മലയോര മേഖലകളിൽ താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. വനമേഖലയിൽ ഉരുൾപ്പൊട്ടൽ സാധ്യത നിലനിൽകുന്നതിനാൽ പ്രത്യേക കരുതൽ വേണം. മണിക്കൂറിൽ 50 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.
അതേസമയം കോട്ടയത്ത് പെയ്യുന്ന അതിശക്തമായ മഴയ്‌ക്ക് ശമനമുണ്ടെന്നാണ് റിപ്പോർട്ട്. നഗരത്തിലും മലയോര പ്രദേശങ്ങളിലും മഴയുണ്ട്. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം സ്തംഭിച്ചു. മീനച്ചിൽ, മണിമലയാർ ആറ്റുകളിൽ ജലനിരപ്പ് വർധിച്ചു. ഈരാറ്റുപേട്ട, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. മീനച്ചിൽ, കാഞ്ഞിരപ്പിള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ തിരുവനന്തപുരത്തെ നെടുമങ്ങാട് താലൂക്കിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുണ്ട്.
Comments