തായ്‌പേയ്: അമേരിക്കൻ ജന പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിനിടെ തായ്‌വാനിൽ പ്രകോപനവുമായി ചൈന. തായ്‌വാൻ കടലിടുക്കിലേക്ക് ചൈന യുദ്ധ വിമാനങ്ങൾ അയച്ചു. വൈകീട്ടോടെയായിരുന്നു ചൈനീസ് വിമാനങ്ങൾ തായ്‌വാനിൽ എത്തിയത്.
ചൈനയുടെ യുദ്ധ വിമാനമായ എസ്‌യു-35 വിമാനങ്ങളാണ് തായ്‌വാൻ കടലിടുക്കിൽ എത്തിയത്. പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ ചെെനയുടെ നീക്കങ്ങൾ തായ്‌വാൻ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യുദ്ധ വിമാനങ്ങൾ അയച്ചതിന് പിന്നാലെ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം തീക്കളിയാണെന്ന് ചൈന പ്രതികരിച്ചു.
നാൻസി പെലോസിയുടെ സന്ദർശനത്തെ അപലപിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം വീണ്ടും രംഗത്തുവന്നിട്ടുണ്ട്. ചൈനയുടെ തത്വങ്ങളെ അമേരിക്ക എല്ലായ്‌പ്പോഴും തിരസ്‌കരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. ഇത്തരം നീക്കങ്ങൾ തീക്കളിയാണ്. ഏറെ അപകടം നിറഞ്ഞതാണ്. തീ കൊണ്ടു കളിക്കുന്നവർക്ക് നാശമാണ് അന്തിമ ഫലമെന്നും ചൈന പറഞ്ഞു.
വൈകീട്ടോടെയാണ് സന്ദർശനത്തിനായി നാൻസി പെലോസി തായ്‌വാനിൽ എത്തിയത്. സന്ദർശനത്തിന്റെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തന്നെ ചൈന മുന്നറിയിപ്പുമായി രംഗത്തുവന്നിരുന്നു. പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്നായിരുന്നു താക്കീത്. എന്നാൽ ഇത് അവഗണിച്ച നാൻസി പെലോസി സന്ദർശനം മാറ്റില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. അതേസമയം നാൻസി പെലോസിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തായ്‌വാൻ കടലിടുക്കിൽ അമേരിക്ക യുദ്ധ വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്.
Comments