ഇസ്ലാമാബാദ് : പാക് ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ഭീകര ബന്ധമുള്ള സംഘടനകളെന്ന് വ്യക്തമാക്കുന്ന മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്ത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ഉൾപ്പെടെയുള്ള 34 വിദേശികളിൽ നിന്നും 351 കമ്പനികളിൽ നിന്നുമാണ് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ പാർട്ടിയായ തെഹ്രീക് ഇ ഇൻസാഫും പണം വാങ്ങിക്കൂട്ടിയത് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കോടിക്കണക്കിന് രൂപയാണ് പാർട്ടി വാങ്ങിയത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ ഇമ്രാൻ ഖാന്റെ പാർട്ടിയുടെ പതിനാറ് അക്കൗണ്ടുകൾ സർക്കാർ പിടിച്ചെടുത്തിട്ടുണ്ട്.
അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്താനിലാണ് ഒളിച്ച് കഴിയുന്നത് എന്ന രഹസ്യ വിവരം നേരത്തെ ലഭിച്ചിരുന്നെങ്കിലും ഇമ്രാൻ ഖാൻ അത് തള്ളിയിരുന്നു. എന്നാൽ ദാവൂദ് ഇബ്രാഹിമിൽ നിന്ന് ഇയാൾ പണം വാങ്ങിയിരുന്നതായി ഉർദു പത്രത്തിലെ മാദ്ധ്യമപ്രവർത്തകൻ അബ്‌സർ ആലം പറഞ്ഞു. നേരത്തെയും ഇത്തരത്തിൽ ഇമ്രാൻ ഖാനെതിരെ പറഞ്ഞതിന് അബ്‌സറിനെ വധിക്കാൻ വരെ ശ്രമം നടന്നിട്ടുണ്ട്.
അതേസമയം പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെയും ഇമ്രാൻ ഖാന്റെ പാർട്ടിയിലെ നേതാവ് ഫാറൂഖ് ഹബീബ് ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കൊടും ഭീകരൻ ഒസാമ ബിൻ ലാദനിൽ നിന്ന് നവാസ് ഷെരീഫും അദ്ദേഹത്തിന്റെ പാർട്ടിയും പണം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. സംഭവം നടന്നത് 1990 കളിലാണ്. ആ സമയത്ത് ഓഡിറ്റുകൾ ഇല്ലാത്തത് കൊണ്ട് തന്നെ ഷെരീഫിന് രക്ഷപ്പെടാനായി. ബിൻ ലാദനിൽ നിന്ന് വാങ്ങിയ പണം ബേനസീർ ഭൂട്ടോ സർക്കാരിനെ അട്ടിമറിക്കാനാണ് ഉപയോഗിച്ചത് എന്നും ആരോപണമുണ്ട്.
ലിബിയയിൽ നിന്നും ഇറാഖിൽ നിന്നും ജംഇയ്യത്തുൽ ഉലമ നേതാവ് മൗലാന ഫസൽ-ഉർ-റഹ്മാന് ധനസഹായം ലഭിച്ചതായി ഫാറൂഖ് പറയുന്നു. പാകിസ്താൻ പീപ്പിൾസ് പാർട്ടിക്കും (പിപിപി) ചില തീവ്രവാദ സംഘടനകളിൽ നിന്ന് പണം ലഭിച്ചുവെന്നാണ് ആരോപണം.
Comments