ന്യൂഡൽഹി: കേന്ദ്രം മുന്നോട്ട് വെച്ച ക്യാമ്പെയ്‌നായ ഹർ ഘർ തിരംഗയുടെ ഭാഗമായി തിരംഗ ബൈക്ക് റാലി രാജ്യ തലസ്ഥാനത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. ഡൽഹിയിലെ ചെങ്കോട്ടയിൽ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവാണ് റാലി ഉദ്ഘാടനം ചെയ്തത്. റാലി വിജയ് ചൗക്കിലാണ് അവസാനിച്ചത്. സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച റാലിയിൽ വിവിധ പാർട്ടികളിലെ എംപിമാർ പങ്കെടുത്തു.
ഉപരാഷ്‌ട്രപതി, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി,പീയുഷ് ഗോയൽ എന്നിവർ ചേർന്നാണ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തത്. ഒട്ടനവധി പേരാണ് ത്രിവർണ്ണ പതാകയേന്തി റാലിയിൽ പങ്കെടുത്തത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മന്ത്രിയുടെ ഇരുചക്ര വാഹനത്തിലാണ് റാലിയിൽ പങ്കെടുത്തത്.
‘ഹർ ഘർ തിരംഗ’ ക്യാമ്പെയ്നിന്റെ പ്രചാരണത്തിനായി രാവിലെ 9 നും 11 നും ഇടയിൽ പാർട്ടി അംഗങ്ങളോട് ‘പ്രഭാത് ഭേരി’ (രാവിലെ ഘോഷയാത്ര) നടത്തണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 9 മുതൽ ആരംഭിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിൽ പാർട്ടി അംഗങ്ങൾക്കായി ഏറ്റെടുക്കേണ്ട നിരവധി പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കുന്നതിന്റെ ആഹ്ലാദത്തിലും ആഘോഷത്തിലുമാണ് ജനങ്ങൾ. ഉറച്ച തീരുമാനത്തോടെയാകണം വരുന്ന 25 വർഷത്തെ നോക്കി കാണാൻ. കടമകൾ നിറഞ്ഞ 25 വർഷക്കാലം പ്രധാനമന്ത്രിയുടെ പ്രതീക്ഷകൾക്കൊത്ത് ജീവിക്കാൻ ജനങ്ങൾക്ക് കഴിയണമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. 130 കോടി ജനങ്ങളെ ഒന്നിപ്പിക്കാൻ ത്രിവർണ്ണത്തിനു കഴിയുന്നു എന്നതിന് ഉദാഹരണമാണ് ഇന്നത്തെ സംയുക്ത റാലിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. ത്രിവർണ്ണ പതാകയേന്തി നടത്തിയ റാലിയിൽ പ്രതിപക്ഷ പർട്ടികൾ വിട്ടു നിന്നതിനെ മന്ത്രി അപലപിച്ചു. ഒത്തൊരുമ നിലനിർത്തുന്ന രാജ്യമാണ് ഇന്ത്യ.വരും തലമുറയ്‌ക്ക് മാതൃക ആകുന്ന ഇത്തരമൊരു പരിപാടിയിൽ നിന്നും പ്രതിപക്ഷം വിട്ടു നിൽകരുതായിരുന്നു എന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ ശക്തരാണെന്ന് വരും തലമുറകൾക്ക് സന്ദേശം കൈമാറാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ആഘോഷങ്ങളിൽ നിന്നും വിട്ടു നിന്നത് മോശം പ്രവൃത്തിയാണെന്നും ചൂണ്ടിക്കാട്ടി.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെ ജനങ്ങളോട് ത്രിവർണ്ണ പതാക പ്രൊഫൈൽ ചിത്രമാക്കാൻ നിർദേശിച്ചിരുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്നും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് റാലി സംഘടിപ്പിച്ചത്. രാജ്യത്ത് ഏകദേശം 30 കോടി വീടുകളിൽ പാതക ഉയരുമെന്നാണ് നിഗമനം.തിരംഗ ക്യാമ്പെയ്ൻ സർക്കാരിന്റെ ആഘോഷം മാത്രമല്ല, ദേശീയാഘോഷമായി മാറുമെന്ന് സാംസ്‌കാരിക മന്ത്രി ജിവ കിഷൻ റെഡ്ഡി വ്യക്തമാക്കിയിരുന്നു.
















Comments