ന്യൂഡൽഹി: ടെക്‌സ്‌റ്റൈൽസ് മന്ത്രാലയം നടപ്പിലാക്കുന്ന ദേശീയ കൈത്തറി വികസന പരിപാടിയുടെ ഭാഗമായി കേരളത്തിന് ലഭിച്ചത് 493.25 ലക്ഷം രൂപ. ടെക്‌സ്‌റ്റൈൽസ് സഹമന്ത്രി ദർശന ജർദോഷ് ആണ് ലോക് സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനങ്ങൾക്ക് പദ്ധതി പ്രകാരം 16,854.84 ലക്ഷം രൂപ നൽകിയതായി മന്ത്രി പറഞ്ഞു. സംസ്ഥാന കൈത്തറി ഏജൻസികൾ, കൈത്തറി സഹകരണ സംഘങ്ങൾ/നെയ്‌ത്തുകാർ എന്നിവയുൾപ്പെടെ അർഹതയുള്ള കൈത്തറി ഏജൻസികൾക്കാണ് സാമ്പത്തിക സഹായം ലഭിക്കുക.
സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, പുത്തൻ തറികളും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ, സോളാർ ലൈറ്റിംഗ് യൂണിറ്റുകൾ, പണിപ്പുരകളുടെ നിർമ്മാണം, നൂതന രൂപകല്പന, ഉത്പന്ന വികസനവും വൈവിധ്യവൽക്കരണവും, ശേഷി വികസനം, കൈത്തറി ഉത്പന്നങ്ങളുടെ വിപണനം, കുറഞ്ഞ നിരക്കിൽ മുദ്ര വായ്പകൾ തുടങ്ങി വിവിധ സഹായങ്ങൾ പദ്ധതിയിൽ ഉൾപ്പെടും.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷവും നടപ്പു സാമ്പത്തിക വർഷവുമായി 31,094 നെയ്‌ത്തുകാർക്ക് തറികളും അനുബന്ധ ഉപകരണങ്ങളും നൽകിയതായും മന്ത്രി പറഞ്ഞു.
Comments