തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ വെളിപ്പെടുത്തലുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലര്‍ നിയമന വിവാദത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ വെളിപ്പെടുത്തൽ. മുസ്ലീം വിഭാഗത്തിൽ നിന്നും ഒരാളെ വിസി ആക്കണമെന്ന് ജലീൽ നേരിട്ടെത്തി ആവശ്യപ്പെട്ടുവെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.
കഴിഞ്ഞ മാസം 21-ാം തിയതിയായിരുന്നു സംഭവം നടന്നത്. തന്റെ വീട്ടിൽ നേരിട്ടെത്തിയാണ് ജലീൽ ആവശ്യം അറിയിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംഭവത്തിന്റെ സാക്ഷിയായി ജോമോൻ പുത്തൻപുരക്കൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീ നാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശായുടെ വിസിയായി മുബാറക്ക് പാഷയെ നിയമിച്ചതിൽ സർക്കാരിനെതിരെ വെള്ളാപ്പള്ളി നടേശന് കടുത്ത അതൃപ്തിയും അമർഷവും ഉണ്ടായിരുന്നു.
സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾക്ക് പിന്തുണ നൽകാറുണ്ട്. അതേസമയം, സർക്കാരിനെ തിരുത്തേണ്ടിടത്ത് തിരുത്താനുമാണ് നവോത്ഥാന സമിതിയെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. കേരളത്തിൽ വർഗീയ ധ്രുവീകരണം നേരത്തെ ഉള്ളതിനേക്കാൾ വർദ്ധിച്ചിട്ടുണ്ട്. അതിന് ബിജെപിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
















Comments