ന്യൂഡൽഹിയിൽ നാഷണൽ ഹെറാൾഡിന്റെ കെട്ടിടത്തിന് നേരെ നടന്ന നിയമ നടപടിക്ക് ശേഷം ഭോപ്പാലിലെ വസ്തുവും കടുത്ത നടപടിക്കുളള സാധ്യത നേരിടുന്നു. ഭോപ്പാൽ ആസ്ഥാനമായുള്ള കെട്ടിടം ഇപ്പോൾ മധ്യപ്രദേശ് സർക്കാരിന്റെ നിരീക്ഷണത്തിലാണ്. 1981ൽ 1.14 ഏക്കർ സ്ഥലം 30 വർഷത്തെ പാട്ടത്തിന് ഇളവ് നിരക്കിൽ നൽകി. ഇവിടെ നാഷണൽ ഹെറാൾഡ് ഒരു കെട്ടിടം സ്ഥാപിക്കുകയും ഓഫീസ് പ്രവർത്തിക്കുകയും ചെയ്തു. അവിടെ പത്രത്തിന്റെ പ്രസിദ്ധീകരണവും ആരംഭിച്ചു. എന്നാൽ 1992ൽ പത്രം അച്ചടി നിർത്തി.
പ്രസ്തുത പാട്ടക്കാലാവധി 2011ൽ അവസാനിച്ചു. പിന്നീട് കെട്ടിടം വലിയ ഷോറൂമുകളുള്ള ഒരു വാണിജ്യ സമുച്ചയമാക്കി മാറ്റിയതായി കണ്ടെത്തി. അതിനുശേഷം പ്ലോട്ട് ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോൾ, നിരവധി പേർ മുന്നോട്ട് വരികയും പ്രശ്‌നം കോടതിയിലെത്തുകയും ചെയ്തു. വിഷയം ജില്ലാ കോടതിയിലാണെന്നും ഇത് സർക്കാർ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി ഭൂപീന്ദർ സിംഗ് പറഞ്ഞു. ഒരു അന്വേഷണത്തിന് സർക്കാർ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ സമുച്ചയം മുദ്രവെക്കും,’ സിംഗ് വ്യക്തമാക്കി.
ഡൽഹി ആസ്ഥാനമായുള്ള ഹെറാൾഡ് ഹൗസ് നേരത്തെ സീൽ ചെയ്തിരുന്നു. ഡൽഹിയിലെ ബഹദൂർ ഷാ സഫർ മാർഗ് ആസ്ഥാനമായുള്ള ഹെറാൾഡ് ഹൗസിലെ യംഗ് ഇന്ത്യൻ ലിമിറ്റഡിന്റെ ഓഫീസ് ആണ് സീൽ ചെയ്തത്. മുൻകൂർ അനുമതിയില്ലാതെ ഇവിടെ തുറക്കരുതെന്ന് ഇഡി ഉത്തരവിട്ടിരുന്നു. ഇത് വ്യക്തമാക്കുന്ന നോട്ടീസ് പരിസരത്ത് പതിക്കുകയും ചെയ്തു. ഇഡി അസിസ്റ്റന്റ് ഡയറക്ടർ കുൽദീപ് സിംഗ് അണ് നോട്ടീസിൽ ഒപ്പ് വച്ചിരിക്കുന്നത്.
2015ൽ യംഗ് ഇന്ത്യയ്‌ക്കെതിരായ ആദായനികുതി അന്വേഷണം ഡൽഹിയിലെ വിചാരണ കോടതി ഏറ്റെടുത്തതിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത പിഎംഎൽഎ പ്രകാരമുള്ള കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെ ഐ-ടി വകുപ്പിന്റെ അന്വേഷണ വിഭാഗം വിശദമായ നികുതിവെട്ടിപ്പിന് കോടതിയിൽ ഹർജി സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ഇരുവരെയും ചോദ്യം ചെയ്തു.
Comments