തൃശൂർ: സംസ്ഥാനത്ത് ഏറ്റവുമധികം മഴ പെയ്തത് തൃശൂരിലാണെന്ന് മന്ത്രി കെ.രാജൻ. നദികളിലെ ജലമൊഴുക്ക് ഗുരുതരമായി കാണണമെന്നും ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ തന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ലയിലെ അഞ്ച് താലൂക്കുകളിലെ 51 ക്യാമ്പുകളിലായി 534 കുടുംബങ്ങളുണ്ട്. ഏകദേശം 1600 ലധികം ആളുകൾ വരുമിത്. അതേസമയം ചാലക്കുടി പ്രദേശത്ത് മഴ കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമേകി.
കൂടാതെ തൃശൂർ ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർകോട് ജില്ലയിലെ വെള്ളരികുണ്ട്, ഹൊസ്ദുർഗ് താലൂക്കുകളിലും അവധിയുണ്ട്. എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
അതേസമയം മുല്ലപ്പെരിയാർ, മലമ്പുഴ അണക്കെട്ടുകൾ ഇന്ന് തുറന്നേക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. അണക്കെട്ടുകളിൽ നീരൊഴുക്ക് ശക്തമായി തുടരുകയാണ്. മുല്ലപ്പെരിയാറിൽ നിലവിലെ ജലനിരപ്പ് 136.75 അടിയാണ്. 136 അടി കഴിഞ്ഞതോടെ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.
Comments