ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു. ഉച്ചകഴിഞ്ഞ് മൂന്ന് ഷട്ടറുകൾ കൂടി തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. വി7,വി8,വി9 എന്നീ ഷട്ടറുകളാണ് തുറന്നത്. 0.30 മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തുന്നത്. ആകെ 1068 ഘനയടി ജലമാണ് പുറത്തുവിടുന്നത്.
ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
ഇടുക്കി ജില്ലയിലുണ്ടായിരുന്ന എൻഡിആർഎഫ് സംഘത്തെ മുല്ലപ്പെരിയാറിൽ വിന്യസിപ്പിച്ചിട്ടുണ്ട്. മാറ്റിപ്പാർപ്പിക്കൽ അടക്കമുള്ള നടപടികൾ ആവശ്യമായി വന്നാൽ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രാവിലെ വി2,വി3,വി4 എന്നീ ഷട്ടറുകളാണ് തുറന്നിരുന്നത്.
നിലവിൽ മുല്ലപ്പെരിയാറിൽ നീരൊഴുക്ക് ശക്തമാണ്. അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാടിന് കത്തയച്ചു. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
Comments