തിരുവനന്തപുരം: ഹെൽമറ്റിൽ ക്യാമറവെച്ച് ഇരു ചക്ര വാഹനങ്ങൾ ഓടിച്ചാൽ കർശന നടപടി എടുക്കുമെന്ന ഗതാഗത വകുപ്പിന്റെ ഉത്തരവിനെ വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. പിഴ ഈടാക്കി ലൈസൻസ് റദ്ദാക്കിയാൽ മാത്രം പോര, ഹെൽമറ്റിൽ ക്യാമറ വെച്ചാൽ തൂക്കി കൊല്ലണം എന്ന് സന്ദീപ് വാര്യർ വിമർശിച്ചു. ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിച്ചതു കൊണ്ട് എത്ര അപകടം നടന്നുവെന്ന് വ്യക്തമാക്കണെമെന്നും സന്ദീപ് പറഞ്ഞു.
എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തീരുമാനങ്ങളെന്ന് സന്ദീപ് വാര്യർ ചോദിക്കുന്നു. ജനങ്ങളോടുള്ള സ്നേഹം കൊണ്ടല്ല ഇത്തരം തീരുമാനങ്ങൾ. പലപ്പോഴും ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിനെതിരെയുള്ള തെളിവായി ഹെൽമെറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ ദൃശ്യങ്ങൾ മാറുന്നതിലുള്ള അസഹിഷ്ണുതയാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
ഹെൽമെറ്റിൽ ക്യാമറ വച്ച് പിടികൂടിയാൽ 1,000 രൂപ പിഴ ഈടാക്കാനാണ് ഗതാഗത കമ്മിഷണർ ഉത്തരവിറക്കിയിരിക്കുന്നത്. പിടിച്ച് കഴിഞ്ഞാൽ ആദ്യം മുന്നറിയിപ്പ് നൽകുമെന്നും കുറ്റം വീണ്ടും ആവർത്തിച്ചാൽ കർശ്ശന നടപടി കൈക്കൊള്ളുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പ് അവഗണിച്ച് കുറ്റം തുടർന്നാൽ മൂന്നു മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും നിർദ്ദേശമുണ്ട്.
Comments