സ്വജനപക്ഷ രാഷ്‌ട്രീയത്തിന് പകരം പ്രകടനമികവിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നു; മോദിയുടെ 20 വർഷത്തെക്കുറിച്ച് അമിത് ഷാ; ‘മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകം പ്രകാശനം ചെയ്തു – Modi brought politics of performance in place of politics of nepotism: Amit Shah

Published by
Janam Web Desk

ഭുവനേശ്വർ: സ്വജനപക്ഷ രാഷ്‌ട്രീയം പ്രബലമായ ഒരു സമൂഹത്തിൽ പ്രകടനമികവിന്റെ രാഷ്‌ട്രീയം കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.’മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 20 വർഷകാലമായി ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ അന്ന് മുതൽ മോദിജി ചെയ്ത കാര്യങ്ങളാണ് ‘മോദി @ 20 എന്നതിലുള്ളത്.

രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റയുടൻ മോദി ഇന്ത്യയുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പ്രവർത്തിക്കുകയും ഇന്ത്യയുടെ യശസ്സ് ലോകമെമ്പാടും അറിയിക്കുകയും ചെയ്തു. ഇതെല്ലാമാണ് മോദി @20യിലുള്ളത്. മോദിജിയ്‌ക്കൊപ്പം ഏറെക്കാലമായി പ്രവർത്തിക്കുന്നയാളാണ് താൻ. ഏറ്റവും മോശമായ സമയങ്ങളിലും പ്രതീക്ഷയോടെ നിലകൊള്ളുന്ന മോദിയെ പലതവണ താൻ കണ്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. മോദിയുടെ നേതൃപാടവത്തെയും അമിത്ഷാ പ്രശംസിച്ചു. എന്നാൽ രാജ്യത്തിന്റെ അഭിമാനവും ക്ഷേമവും കാത്തുകൊള്ളുന്നതിനെക്കുറിച്ച് ഒഴികെ ഒന്നിലും ആകുലപ്പെടുന്നയാളല്ല മോദി. ജനാധിപത്യത്തിന്റെ വേരുകൾ ശക്തിപ്പെടുത്താൻ അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.

ഇന്ത്യയുടെ രാഷ്‌ട്രീയത്തെ മൂന്ന് ഘടകങ്ങൾ പ്രതികൂലമായി ബാധിച്ചിരുന്നു. എത്ര കഴിവുണ്ടായാലും അവസരം ലഭിക്കില്ല, കാരണം ഇവിടെ സ്വജനപക്ഷപാതമയിരുന്നു. സമൂഹത്തിലെ പല വിഭാഗങ്ങൾക്കിടയിലും അന്തരം ഉണ്ടാകാൻ തുടങ്ങി, കാരണം ഇവിടെ പ്രീണനം നിലിനിന്നിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരുകയും സാമൂഹിക ക്ഷേമമെന്ന പേരിൽ പൊള്ളയായ പ്രചാരണങ്ങൾ മാത്രമുണ്ടാകുകയും ചെയ്തു, കാരണം ഇവിടെ അഴിമതി നിറഞ്ഞ ഭരണമായിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ജനാധിപത്യ ഇന്ത്യയിൽ നിന്ന് സ്വജനപക്ഷപാതത്തിന് അന്ത്യം കുറിക്കുന്ന പ്രവർത്തനമാണ് മോദിജി ചെയ്തത്. അതിന് പകരമായി സമത്വമുള്ള, പ്രകടനമികവിന്റെ രാഷ്‌ട്രീയം കൊണ്ടുവരാൻ മോദിജിക്ക് കഴിഞ്ഞുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

‘രൂപ പബ്ലിക്കേഷൻസ് ഇന്ത്യ’ പ്രസിദ്ധീകരിച്ച ‘മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകം നന്ദൻ നിലേകനി, സുധാ മൂർത്തി, സദ്ഗുരു, പി.വി. സിന്ധു, അമീഷ് ത്രിപാഠി തുടങ്ങി പ്രഗത്ഭരായ നിരവധി എഴുത്തുകാർ ചേർന്നാണ് രചിച്ചിട്ടുള്ളത്.

Share
Leave a Comment