പട്‌ന: ആർജെഡിക്ക് ഒപ്പം ചേർന്ന നിതീഷ് കുമാർ പ്രധാനമന്ത്രി പദമാണ് ലക്ഷ്യമിടുന്നതെങ്കിൽ നിരാശനാകേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. ആ കസേര ജനങ്ങൾ നരേന്ദ്രമോദിക്കായി നീക്കിവെച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ വഞ്ചിച്ച് ആർജെഡിയും കോൺഗ്രസും ഉൾപ്പെടെയുളളവരുമായി കൂട്ടുകൂടി സർക്കാരുണ്ടാക്കിയ നിതീഷിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം ബിഹാർ, അടുത്തത് ഡൽഹി എന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ഇന്നലെ പ്രതികരിച്ചിരുന്നു. ജെഡിയു കൂടി എതിർപാളയത്തിലെത്തിയതോടെ ബിജെപിക്ക് എതിരായ ആക്രമണങ്ങൾക്ക് മൂർച്ഛ കൂട്ടുകയാണ് മമതയുടെ തൃണമൂൽ കോൺഗ്രസ് അടക്കമുളളവർ. ഈ സാഹചര്യത്തിലായിരുന്നു നിത്യാനന്ദ റായിയുടെ പ്രസ്താവന.
അധികാരത്തിന് വേണ്ടി എന്തും ചെയ്യുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ആർജെഡിക്ക് ഒപ്പം നിതീഷ് കൂട്ടുകൂടിയതെന്ന് നിത്യാനന്ദ് റായ് പറഞ്ഞു. ബിഹാറിലെ മാത്രമല്ല രാജ്യം മുഴുവനുമുളള ജനങ്ങൾ നരേന്ദ്രമോദിയെ അവരുടെ ജീവിതകാലം മുഴുവൻ പ്രധാനമന്ത്രിയായി പ്രതിഷ്ഠിച്ചു കഴിഞ്ഞു. മോദി ഉണ്ടെങ്കിൽ അവർ മറ്റാരെയും പ്രധാനമന്ത്രിയായി അംഗീകരിക്കുമെന്നും തോന്നുന്നില്ല, കാരണം ആദ്യമായിട്ടാണ് രാജ്യത്തെ പാവപ്പെട്ടവർക്ക് മോദിയെപ്പോലുളള ഒരാളെ പ്രധാനമന്ത്രിയായി കിട്ടുന്നതെന്നും നിത്യാനന്ദ് റായ് പറഞ്ഞു.
















Comments