തൊടുപുഴ : പ്രസവിച്ചയുടനെ കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കിക്കൊന്നു. തൊടുപുഴ ഉടുമ്പന്നൂർ മങ്കുഴിയിലാണ് സംഭവം. എന്നാൽ ഭാര്യ ഗർഭിണിയായിരുന്നത് അറിയില്ലായിരുന്നു എന്നാണ് ഭർത്താവ് പറയുന്നത്. ഇത് വിശ്വാസത്തിലെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല.
പുലർച്ചെ രണ്ട് മണിയോടെയാണ് അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ആശുപത്രിയിലെത്തിയത്. ഭർത്താവും ഇവരോടൊപ്പം ഉണ്ടായിരുന്നു. പ്രസവിച്ച വിവരം ഇവർ ആരെയും അറിയിച്ചില്ലെങ്കിലും ഡോക്ടർമാർക്ക് ഇക്കാര്യം വ്യക്തമായി. യുവതി പ്രസവിച്ചിട്ട് മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂ എന്നും ഡോക്ടർമാർ കണ്ടെത്തി.
കുഞ്ഞിനെ അന്വേഷിച്ച ഡോക്ടർമാരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ദമ്പതിമാർ പറഞ്ഞത്. പോലീസിനെ വിവരം അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് കുഞ്ഞ് മരിച്ചുപോയെന്ന് ഇവർ വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് എത്തി അന്വേഷണം നടത്തിയതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതായി കണ്ടെത്തി. എന്നാൽ തനിക്ക് ഒന്നും അറിയില്ല എന്ന നിലപാടിലാണ് ഭർത്താവ്.
ഗർഭിണിയായിരുന്ന വിവരം തന്നിൽ നിന്നും മറച്ചുവെച്ചുവെന്ന് ഭർത്താവ് പറയുന്നു. യുവതി ഗർഭിണിയായിരുന്നു എന്നത് നാട്ടുകാരും അറിഞ്ഞിരുന്നില്ല. തടി കൂടാനുള്ള മരുന്ന് കഴിച്ചത് കാരണമാണ് ശരീരസ്ഥിതിയിൽ മാറ്റമുണ്ടായത് എന്നാണ് യുവതി പറഞ്ഞത്.
സംഭവത്തിൽ വ്യക്തത വരാത്തതിനാൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൊലപാതകമാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്നും പോലീസ് അറിയിച്ച്.
















Comments