മംഗലൂരു: ദക്ഷിണ കന്നഡ ജില്ലയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പേർ പിടിയിലായതായി പോലീസ്. കേസിലെ പ്രധാന പ്രതികളായ മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്. ഇവരുടെ സ്വത്ത് കണ്ടെത്താൻ നീക്കം തുടങ്ങിയതായി മംഗലൂരു എഡിജിപി അലോക് കുമാർ പറഞ്ഞു.
ഇവർക്കായി പോലീസും എൻഐഎയും വാറണ്ടുകൾ പുറപ്പെടുവിക്കും. ഇതിനായി കോടതിയെ സമീപിക്കും. ബെല്ലാരെയിൽ എൻഐഎയുമായി ചേർന്ന് കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ പോലീസ് ഇന്നലെ യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് എഡിജിപിയുടെ പ്രതികരണം.
കൊലപാതകത്തിൽ നേരിട്ടും അല്ലാതെയും പങ്കെടുത്തവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും എഡിജിപി വ്യക്തമാക്കി. ഇനിയും പിടികിട്ടാനുളള പ്രതികളെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചുളള വിവരങ്ങളും പോലീസ് മനസിലാക്കിയിട്ടുണ്ട്. എന്നാൽ ആരോ ഇവർക്ക് താവളമൊരുക്കിയിട്ടുണ്ടെന്നും എഡിജിപി കൂട്ടിച്ചേർത്തു.
കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരിൽ ചിലർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധം സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ജൂലൈ 19 നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. സംഭവത്തിൽ ദക്ഷിണ കന്നഡ ജില്ലയിൽ ഉൾപ്പെടെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
















Comments