മുംബൈ: സൗരവ് ഗാംഗുലിയും വീരേന്ദർ സേവാഗും അടക്കമുള്ള മുൻ ക്രിക്കറ്റ് താരങ്ങൾ വീണ്ടും പാഡണിയുന്നു. കൂട്ടിന് പഠാൻ സഹോദരങ്ങളും മലയാളി താരം ശ്രീശാന്തും ഹർഭജൻ സിംഗടക്കമുള്ള പഴയ പടക്കുതിരകളുമുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് ലെജൻഡ്സ് ലീഗ് ക്രിക്കറ്റാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. എൽ.എൽ.സി കമ്മീഷണറും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചുമായ രവിശാസ്ത്രിയാണ് വിവരങ്ങൾ പുറത്തുവിട്ടത്.
നാലു ടീമുകളാണ് സെപ്റ്റംബറിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷനാണിത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ആദ്യ ടൂർണമെന്റ്. മസ്കറ്റിലെ ഒമാൻ ക്രിക്കറ്റ് അക്കാഡമി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ മൂന്ന് ടീമുകളാണ് മത്സരിച്ചത്.
സെപ്റ്റംബർ 16 ന് ഒരു സ്പെഷ്യൽ മത്സരത്തോടെയാകും ടൂർണമെന്റ് ആരംഭിക്കുക. ഇന്ത്യ മഹാരാജാസ് വേൾഡ് ജയന്റ്സിനെയാണ് നേരിടുന്നത്.കൊൽക്കത്ത ഈഡൻസ് ഗാർഡൻസിലാണ് മത്സരം. തൊട്ടടുത്ത ദിവസം മുതൽ ലെജൻഡ്സ് ലീഗ് ആരംഭിക്കും.
ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്ടനുമായ സൗരവ് ഗാംഗുലിയാണ് ഇന്ത്യ മഹാരാജാസിനെ നയിക്കുന്നത്.മുൻ ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം ക്യാപ്ടൻ ഓയിൻ മോർഗനാണ് വേൾഡ് ജയന്റ്സിനെ നയിക്കുന്നത്.
ടീം ഇങ്ങനെ
ഇന്ത്യ മഹാരാജാസ് : സൗരവ് ഗാംഗുലി ( ക്യാപ്ടൻ), വീരേന്ദർ സെവാഗ്, മൊഹമ്മദ് കൈഫ്, യൂസഫ് പഠാൻ, ഇർഫാൻ പഠാൻ, എസ്. ബദരീനാഥ്, പാർത്ഥിവ് പട്ടേൽ, സ്റ്റുവർട്ട് ബിന്നി, എസ്.ശ്രീശാന്ത്, ഹർഭജൻ സിംഗ്, നമൻ ഓജ, അശോക് ഡിൻഡ, പ്രഗ്യാൻ ഓജ, അജയ് ജഡേജ, ആർ.പി സിംഗ്, ജോഗീന്ദർ ശർമ്മ
വേൾഡ് ജയന്റ്സ് : ഓയിൻ മോർഗൻ ( ക്യാപ്ടൻ) , ലെൻഡൽ സിമ്മൺസ്, ഹെർഷൽ ഗിബ്ബ്സ്, ജോണ്ടി റോഡ്സ്, ജാക്വസ് കല്ലിസ്, സനത് ജയസൂര്യ, മാറ്റ് പ്രയർ, നാഥൻ മക്കല്ലം, മുത്തയ്യ മുരളീധരൻ, ഡെയ്ൽ സ്റ്റെയ്ൻ, ഹാമിൽട്ടൺ മസാകഡ്സ, മഷറഫി മൊർതാസ, അസ്ഗർ അഫ്ഗാൻ, മിച്ചൽ ജോൺസൺ, ബ്രെറ്റ് ലീ, കെവിൻ ഒബ്രയാൻ, ദിനേഷ് രാം ദിൻ
Comments