ബാഗ്ദാദ് : ദി ഇക്കണോമിസ്റ്റ് ദിനപത്രത്തിനെതിരെ കേസെടുക്കണമെന്ന് ഇറാഖി നടി ഇനാസ് തലേബ് . അറബ് ലോകത്തെ തടിച്ച സ്ത്രീകളുടെ ഉദാഹരണമായി തന്റെ ചിത്രം ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് പത്രത്തിനെതിരെ കേസെടുക്കണം എന്ന് ഇനാസ് പറഞ്ഞത്. ചിത്രം അനുവാദം ഇല്ലാതെ ഉപയോഗിച്ചതായും വിഷയത്തിന് അനുയോജ്യമല്ലാത്തത് ആണെന്നും താലേബ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നും അവർ അഭിപ്രായപ്പെടുന്നു. ‘ അനുവാദം തേടാതെയാണ് ലേഖനത്തിൽ ചിത്രം ഉപയോഗിച്ചത്. പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ‘. ഇനാസ് തലേബ് പറഞ്ഞു.
ജൂലായ് 28 നാണ് ദ ഇക്കണോമിസ്റ്റ് അറബ് ലോകത്തെ സ്ത്രീകൾ പുരുഷന്മാരേക്കാൾ വണ്ണമുള്ളവർ എന്ന വിഷയത്തെ ആസ്പദമാക്കി ലേഖനം എഴുതിയത്. തുടർന്ന് ഇത് പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ലേഖനത്തിൽ നൽകുന്നതിനായി ഇനാസ് ഇറാഖിലെ സാംസ്‌കാരിക ബാബിലോൺ ആഘോഷത്തിൽ വച്ച് എടുത്ത ചിത്രം അവർ തിരഞ്ഞെടുക്കുകയായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ 9 ദശലക്ഷം ഫോളോവേഴ്സാണ് തലേബിന് ഉള്ളത്. നിരവധി ടിവി ഷോകളിലും മ്യൂസിക് വീഡിയോകളിലും പരസ്യങ്ങളിലും അവർ ഭാഗമായിട്ടുണ്ട്.”വർഷങ്ങളായി പ്രേക്ഷകർ തന്നെ സ്‌നേഹിക്കുന്നു. എന്റെ നേട്ടങ്ങൾപ്പോലും ചൂണ്ടിക്കാട്ടാതെ ഇത്തരത്തിൽ ഒരു മാദ്ധ്യമം തന്നെ ഉപയോഗിച്ചത് നിരാശാജനകമാണ്. താൻ ആരോഗ്യവതിയും സന്തുഷ്ടയുമാണ് ‘. തലേബ് വ്യക്തമാക്കി.ലേഖനം പൊതുവായി അറബ് സ്ത്രീക്കും പ്രത്യേകിച്ച് ഇറാഖി സ്ത്രീകൾക്കും അപമാനമാണെന്നും അവർ ചൂണ്ടിക്കാട്ടി.
















Comments