1.33 കോടി രൂപയുടെ ചോദ്യപേപ്പർ അഴിമതിക്കേസ്; പ്രിന്ററും പരീക്ഷാഭവൻ സെക്രട്ടറിമാരും കുറ്റക്കാരെന്ന് കോടതി

Published by
Janam Web Desk

തിരുവനന്തപുരം: 2002ലെ എസ്എസ്എൽസി ചോദ്യപേപ്പർ അഴിമതിക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി. പ്രിന്റർ അന്നമ്മ ചാക്കോ, പരീക്ഷാഭവൻ സെക്രട്ടറിമാരായിരുന്ന എസ് രവീന്ദ്രൻ, വി സാനു എന്നിവരാണ് പ്രതികൾ. 2002ൽ ചോദ്യപേപ്പർ അച്ചടി നടന്നപ്പോൾ ഒരു കോടി 33 ലക്ഷം രൂപ അഴിമതി നടത്തിയെന്നാണ് കേസ്.

ചോദ്യപേപ്പർ അച്ചടിയുടെ പേരിൽ ഇല്ലാത്ത കമ്പനിക്ക് വേണ്ടി 1.33 കോടി രൂപയാണ് പരീക്ഷാഭവൻ നൽകിയത്. മുൻപ് കരാർ ലഭിച്ച അച്ചടി ശാലകൾ തന്നെയാണ് ബിനാമി കമ്പനി തട്ടിക്കൂട്ടി ഉദ്യോഗസ്ഥരുടെ സഹായത്തോടെ സർക്കാരിനെ പറ്റിച്ച് പണം തട്ടിയതെന്ന് സിബിഐ കുറ്റപത്രം പറയുന്നു. 2005-ൽ എസ്എസ്എൽസി ചോദ്യപേപ്പർ ചോർന്നപ്പോഴാണ് അന്വേഷണം സിബിഐയ്‌ക്ക് കൈമാറിയത്.

2007 ജനുവരി 28-നാണ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്. ജൂൺ 11ന് സിബിഐ രണ്ട് കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു. ആദ്യ കുറ്റപത്രം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടും രണ്ടാമത്തേത് 2002, 03, 04 വർഷങ്ങളിലെ 32 പരീക്ഷകളുടെ ചോദ്യപേപ്പർ അച്ചടിയിലെ അഴിമതിയെക്കുറിച്ചുമായിരുന്നു. തുടർന്ന് ചോദ്യ ചോർച്ചയിൽ എറണാകുളം പ്രത്യേക സിബിഐ കോടതി തിരുവനന്തപുരം സ്വദേശിനികളായ ബിന്ദു വിജയൻ, സിന്ധു സുരേന്ദ്രൻ എന്നിവരെ ശിക്ഷിച്ചിരുന്നു.

Share
Leave a Comment