നല്ല ചൂട് പൊറോട്ടയിൽ കറിയൊഴിച്ച് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല പൊറോട്ട ലഭിക്കുന്ന കടകൾ തേടി കണ്ട് പിടിച്ച് പോയി കഴിക്കുന്നവരാണ് നമ്മൾ. അത്രമേൽ കേരളക്കരയുടെ പ്രിയപ്പെട്ട ഭക്ഷണമായി പൊറോട്ട മാറിയിട്ട് നാളേറെയായി. ആവശ്യക്കാർ കൂടിയതോടെ പൊറോട്ടയിൽ വിവിധ വെറൈറ്റികൾ കൊണ്ടുവരാൻ ഹോട്ടലുകാരും ശ്രമിക്കാറുണ്ട്. നൂൽ പൊറോട്ടയും കോയിൻ പൊറോട്ടയും കൊത്തു പൊറോട്ടയുമൊക്കെ ഇതിന്റെ ചില ഉദാഹരണങ്ങൾ മാത്രം
എന്നാൽ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന കാരണത്താൽ പലരും പൊറോട്ടയോട് മുഖം തിരിക്കാറുണ്ട്. പൊറോട്ട നിർമ്മിക്കുന്നത് മൈദ കൊണ്ടാണ്. ഈ മൈദ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് നമുക്ക് ഉണ്ടാക്കാറുള്ളത്. ദഹനത്തെ ബാധിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം. മൈദയിൽ നാരുകൾ അടങ്ങിയിട്ടില്ല എന്നതിനാൽ ദഹന പ്രക്രിയയെ ഇത് സാവധാനത്തിലാക്കുന്നു. മാത്രമല്ല കൊളസ്ട്രോളിനും, ട്രാൻസ്ഫാറ്റിനും ഇത് കാരണമാകും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൊറോട്ട ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിധി വരെ മറികടക്കാമെന്നാണ് ആരോഗ്യ രംഗത്തുളളവർ പറയുന്നത്.
പൊറോട്ടയ്ക്കൊപ്പം സാലഡോ ഉള്ളിയോ കഴിക്കുന്നതും ആരോഗ്യപ്രശ്നങ്ങളിൽ നമ്മെ സംരക്ഷിക്കും. മൈദ കൊണ്ടുണ്ടാകുന്ന ദൂഷ്യഫലങ്ങൾ മാറാൻ വിദേശികൾ എല്ലായ്പ്പോഴും സാലഡോ ഉള്ളിയോ കഴിക്കാറുണ്ട്. ഇത് മാതൃകയാക്കണമെന്നാണ് ഇവർ പറയുന്നത്. സവാളയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹന പ്രക്രിയ വേഗത്തിലാക്കുന്നു. പൊറോട്ട കഴിച്ചാലുണ്ടാകുന്ന മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉള്ളി സഹായകമാണ്. അതിനാൽ പൊറോട്ടയ്ക്കൊപ്പം എല്ലായ്പ്പോഴും ഉള്ളി ശീലമാക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പൊറോട്ടയ്ക്കൊപ്പം കഴിക്കുന്നതും ഏറെ ഗുണമാണ്.
പൊറോട്ട മൂലമുള്ള ആരോഗ്യപ്രശ്നം ഒരു പരിധിവരെ ഇല്ലാതാക്കാൻ വ്യായാമത്തിന് കഴിയും. വ്യായാമം പൊറോട്ട കഴിക്കുന്നത് മൂലമുള്ള ട്രാൻസ്ഫാറ്റും കൊളസ്ട്രോളും കുറയ്ക്കും. ഇത് ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യം വർദ്ധിപ്പിക്കും.
Comments