ന്യൂഡൽഹി : രാജ്യത്ത് അനധികൃതമായി താമസിച്ചുവന്ന പത്ത് ബംഗ്ലാദേശികളെ നാട് കടത്തി. രണ്ട് കുട്ടികളടക്കം പത്ത് ബംഗ്ലാദേശി പൗരന്മാരെ കരിംഗഞ്ച് അതിർത്തിയിൽ നിന്ന് ബംഗ്ലാദേശിലേക്ക് നാടുകടത്തുകയായിരുന്നു. സംഘത്തിൽ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയുമുണ്ട്. ബംഗ്ലാദേശിന്റെ അർദ്ധസൈനിക വിഭാഗമായ ബോർഡർ ഗാർഡ് ബംഗ്ലാദേശിന് (ബിജിബി) ഇവരെ കൈമാറി. അസം പോലീസാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഉന്നത ഓഫീസുകൾ തമ്മിലുള്ള സംയുക്ത കരാറിന് ശേഷമാണ് ഇവരെ നാട് കടത്തിയത്. അനധികൃതമായി രാജ്യത്തെത്തിയതിന് ഇവരെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
നാലുപേരെ ഗോലാഘട്ട് ജില്ലയിലെ റെയിൽവേ പോലീസും ബാക്കിയുള്ളവരെ കരിംഗഞ്ച് ജില്ലയിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സും (ബിഎസ്എഫ്) ആണ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ ഒരാൾ മുൻഷിഗഞ്ച് സ്വദേശിയും അഞ്ച് പേർ സിൽഹെറ്റിൽ നിന്നുള്ളവരും നാല് പേർ ബംഗ്ലാദേശിലെ കോക്സ് ബസാറിലുള്ളവരുമാണെന്ന് പോലീസ് പറഞ്ഞു.
കുറച്ച് വർഷങ്ങൾക്ക് മുൻപ് തങ്ങൾ ഇന്ത്യയിലേക്ക് എത്തിയതാണെന്ന് സംഘത്തിൽ ഒരാളായ ഷാഹിദ് അഹമ്മദ് വെളിപ്പെടുത്തിയിരുന്നു. മികച്ച തൊഴിലവസരങ്ങൾക്ക് വേണ്ടിയാണ് ഇന്ത്യയിലെത്തിയത് എന്നും, ഇവിടെ എത്തിയ തങ്ങളെ ചിലർ സഹായിച്ചെന്നും ഇവർ വെളിപ്പെടുത്തി. അഗർത്തലയിലൂടെ പ്രവേശിച്ച തങ്ങൾ മറ്റ് പ്രദേശങ്ങളിലേക്ക് പോകുകയായിരുന്നുവെന്നും സംഘം വെളിപ്പെടുത്തിയിരുന്നു.
Comments