എറണാകുളം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബിയ്‌ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത് മുതൽ സർക്കാരും കിഫ്ബിയും പ്രതിരോധത്തിലാണ്. ഇഡിക്കെതിരെ സിപിഎം എംഎൽഎമാർ കോടതിയെ സമീപിച്ചിരുന്നു. ഇപ്പോൾ ഇഡിക്കെതിരെ കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മസാല ബോണ്ട് ഇഷ്യു ചെയ്തതിലെ അന്വേഷണം ചോദ്യം ചെയ്താണ് കിഫ്ബി ഹർജി നൽകിയിരിക്കുന്നത്.
ഫെമ നിയമ ലംഘനം ഇഡിയ്‌ക്ക് അന്വേഷിക്കാൻ അവകാശമില്ലെന്നും റിസർവ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. 2021 മുതൽ തുടർച്ചയായി സമൻസ് അയച്ച് ഇഡി കിഫ്ബിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണ്. കിഫ്ബി സിഇഒ കെ.എം എബ്രഹാമും വിഷയത്തിൽ ഹർജി നൽകിയിട്ടുണ്ട്. ഒന്നര വർഷത്തിനിടെ നിരവധി തവണ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയെന്നും എന്നാൽ കിഫ്ബി ഫെമ ലംഘനം നടത്തിയെന്ന് ഇഡിയ്‌ക്ക് തെളിവുകളില്ല എന്നും ഹർജിയിൽ പറയുന്നു.
അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടേഴ്സിന്റെ അന്വേഷണവുമായി സഹകരിക്കാൻ ഹൈക്കോടതി കിഫ്ബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇഡിയുടെ സമൻസ് കിട്ടിയ ഉദ്യോഗസ്ഥരോടാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ നിർദ്ദേശം. കിഫ്ബി ഇടപാടുകളെപ്പറ്റിയുള്ള ഇഡി അന്വേഷണം തടയാനാവശ്യപ്പെട്ട് അഞ്ച് എൽഡിഎഫ് എംഎൽഎമാർ നൽകിയ പൊതുതാൽപ്പര്യ ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു വാക്കാലുള്ള നിർദ്ദേശം.
Comments