ഹൈദരാബാദ്: കാമുകനെ കാണുന്നതിനായി ഇന്തോ-നേപ്പാൾ അതിർത്തി കടന്ന് ഇന്ത്യയിൽ കടക്കാനുള്ള ശ്രമത്തിൽ പാകിസ്താൻ യുവതി അറസ്റ്റിലായ സംഭവം ചാരപ്രവർത്തനമാണെന്ന് പോലീസ് സംശയിക്കുന്നു. ഓഗസ്റ്റിലാണ് ബീഹാറിലെ അതിർത്തി വഴി യുവതിയും രണ്ട് പുരുഷന്മാരും അറസ്റ്റിലാകുന്നത്. ഖദീജ നൂർ, മുഹമ്മദ്, ജീവൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഹൈദരാബാദ് സ്വദേശിയായ അഹമ്മദുമായി ഫൈസലാബാദ് സ്വദേശിയായ ഖദീജ സമൂഹ മാദ്ധ്യമം വഴി പ്രണയത്തിലായിരുന്നു എന്ന് അന്വേഷത്തിൽ തെളിഞ്ഞു. പ്രണയബന്ധത്തെ യുവതിയുടെ മാതാപിതാക്കൾ എതിർത്തതിനെ തുടർന്നാണ് കാമുകനെ തിരക്കി നൂർ ഇന്ത്യൻ അതിർത്തി കടന്നെത്തിയത്. നേപ്പാളിൽ നിന്നുള്ള സുഹൃത്തുക്കളും മുൻ ജോലിസ്ഥലത്തെ സഹപ്രവർത്തകരും നൂരിനെ നേപ്പാൾ വഴി ഹൈദരാബാദിലേക്ക് അയച്ചു. അർജു ബാഗ്ദാദിയ എന്ന് പേരിൽ വ്യാജ ആധാർ കാർഡുമായാണ് നൂർ അതിർത്തി കടക്കാൻ ശ്രമിച്ചത്. സഹായത്തിനായാണ് സുഹൃത്തുക്കളെ കൂട്ടിയതെന്ന് വ്യക്തമാക്കി.
പുലർച്ചെ മൂന്നംഗ സംഘം ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സുരക്ഷാ സേന മൂവരെയും കസ്റ്റഡിയിലെടുത്തു. ആധാർ കാർഡ്, പാകിസ്താൻ പാസ്പോർട്ട്, ഫൈസലാബാദിലെ ജിസി വിമൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സൈക്കോളജി വിദ്യാർത്ഥിയാണ് എന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ്, പാകിസ്താൻ ആരോഗ്യ മന്ത്രാലയം നൽകിയ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകൾ എന്നിവ നൂറിൽ നിന്ന് പിടിച്ചെടുത്തു. ചാരവൃത്തി ആരോപിച്ച്, സുരക്ഷാ ഉദ്യോഗസ്ഥർ മൂവരെയും ചോദ്യം ചെയ്തപ്പോഴാണ് പ്രണയകഥയെ കുറിച്ച് പറയുകയും ഉദ്യോഗസ്ഥർ സീതാമർഹി പൊലീസിന് കൈമാറുകയുമായിരുന്നു.
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് രാജ്യത്തെങ്ങും ഏർപ്പെടുത്തിയിരിക്കുന്നത്. ജാഗ്രത നിർദേശത്തിൽ പോലീസ് കേസ് ഗൗരവമായി അന്വേഷിക്കുമെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും അറിയിച്ചു.
















Comments