ന്യൂഡൽഹി: പാക് ഭീകരൻ അബ്ദുൾ റൗഫ് അസ്ഹറിനെ കരിമ്പട്ടികയിൽ പെടുത്താനുള്ള യുഎൻ നീക്കത്തിന് തടയിട്ട ചൈനീസ് നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. പാകിസ്താൻ ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ മുതിർന്ന കമാൻഡറാണ് അബ്ദുൾ റൗഫ് അസ്ഹർ. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ യുഎൻ സുരക്ഷാ കൗൺസിലിലാണ് ചൈന എതിർത്തത്. തെളിവുകൾ ഉണ്ടായിട്ടും ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ കൗൺസിലിന് കഴിയുന്നില്ല എന്ന നിലപാട് ആശങ്കപ്പെടുത്തുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
‘ ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടത്തെ കുറിച്ച് സംസാരിക്കാൻ അന്താരാഷ്‌ട്ര സമൂഹത്തിന് സാധിക്കുന്നില്ല എന്നത് ഏറെ നിർഭാഗ്യകരമാണ്. തീവ്രവാദികൾക്കെതിരായ നിലപാടിൽ ഇരട്ടത്താപ്പ് കാണിക്കാൻ പാടില്ല. തീവ്രവാദത്തിനെതിരെ ഒരുമിച്ച് മുന്നേറുന്ന സമയത്ത് അതിന് തടയിടുന്ന രീതി ശരിയല്ല. അതിന് ഒരു ന്യായീകരണവുമില്ല. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ ഭീകരർക്കെതിരായ ഉപരോധത്തിനുള്ള ശ്രമങ്ങൾ നടത്തിയത്. എന്നാൽ തെളിവുകൾ ഉണ്ടായിട്ടും കൗൺസിലിന് യാതെരു നടപടിയും എടുക്കാൻ കഴിയുന്നില്ല എന്നത് ദു:ഖകരമാണെന്നും’ അരിന്ദം ബാഗ്ചി വ്യക്തമാക്കി.
അമേരിക്കയും ഇന്ത്യയും സംയുക്തമായാണ് ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ അസ്ഹറിനെ ഉപരോധിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചത്. ശുപാർശ സുരക്ഷാ കൗൺസിലിലുള്ള 15 അംഗങ്ങളും അംഗീകരിച്ചാൽ മാത്രമേ നടപ്പിലാക്കൂ. അബ്ദുൾ അസ്ഹറിന് ആഗോള യാത്രാ നിരോധനം ഏർപ്പെടുത്താനും, സ്വത്തുവകകൾ മരവിപ്പിക്കാനുമുള്ള നീക്കത്തിനാണ് ചൈന തടയിട്ടത്. ജെയ്ഷ് ഇ മുഹമ്മദ് സ്ഥാപകനായ മസൂദ് അസ്ഹറിന്റെ സഹോദരനാണ് അബ്ദുൾ റൗഫ് അസ്ഹർ.
Comments