മലപ്പുറം : ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുൻ മന്ത്രി കെടി ജലീൽ. ആസാദ് കശ്മീർ എന്ന വാക്ക് ഇൻവേർട്ടഡ് കോമയിലാണ് എഴുതിയത് എന്നാണ് ജലീലിന്റെ വാദം. അത് മനസിലാകാത്തവരോട് സഹതാപം മാത്രമെന്നും എംഎൽഎ പറയുന്നു. അതേസമയം ഇന്ത്യൻ അധീന കശ്മീർ എന്ന വിവാദ പരാമർശത്തെക്കുറിച്ച് വിശദീകരണമില്ല.
”ഡബിൾ ഇൻവർട്ടഡ് കോമയിൽ ‘ആസാദ് കാശ്മീർ’എന്നെഴുതിയാൽ അതിന്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം” എന്നാണ് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
കശ്മീർ യാത്രയ്‌ക്കിടെ പങ്കുവെച്ച കുറിപ്പിലായിരുന്നു എംഎൽഎയുടെ പരാമർശം. ജമ്മുവും കശ്മീർ താഴ് വരയും ലഡാക്കുമടങ്ങുന്ന പ്രദേശം ഇന്ത്യൻ അധീന കശ്മീരാണെന്നും പാകിസ്താനോട് ചേർക്കപ്പെട്ട ഭാഗം ”ആസാദ് കശ്മീർ” ആണെന്നുമായിരുന്നു ജലീലിന്റെ വാദം. ആസാദ് കശ്മീരിന് സ്വന്തമായി സൈനിക വ്യൂഹം ഉണ്ടായിരുന്നെന്നും പാകിസ്താൻ സർക്കാരിന് ഭരണപരമായി പാക് അധീന കശ്മീരിൽ എടുത്ത് പറയത്തക്ക അധികാരം ഒന്നുമില്ല എന്നുമാണ് കെടി ജലീൽ പറഞ്ഞത്.
ഇത് വൻ വിവാദമായിരുന്നു. ബിജെപി നേതാക്കളും മറ്റ് മുതിർന്ന വ്യക്തികളും ജലീലിന്റെ പരാമർശത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. ജലീലിന്റേത് രാജ്യവിരുദ്ധ പ്രസ്താവനയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഉയരുന്നത്. തുടർന്നാണ് ന്യായീകരണവുമായി ജലീൽ രംഗത്തെത്തിയത്.
Comments